ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിനം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും സെക്രട്ടറി ജയേഷ് ജോര്‍ജ്ജും നീക്കം നടത്തിയിരുന്നു. കായികമന്ത്രി എ.സി മൊയ്തീനും ശശിതരൂര്‍ എം.പിയും ബി.സി.സി.ഐയും സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടപെട്ടതോടെയാണ് ഈ നീക്കം പൊളിഞ്ഞത്. കെ.സി.യെയുടെ നീക്കങ്ങള്‍ക്ക് പിന്നിലെ ഗൂഢലക്ഷ്യം പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജുദാമോദരന്‍ വെളിപ്പെടുത്തുന്നു….

ഒരു രൂപ പോലും പശ്ചാത്തലസൗകര്യം ഒരുക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വേണമെങ്കിലും അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങള്‍ നടത്താം. അതിനുള്ള സൗകര്യം അവിടെയുണ്ടെന്ന് സ്റ്റേഡിയത്തിന്റെ സി.ഇ.ഒയും മുന്‍ ക്രിക്കറ്റ് താരവുമായ അനന്തപത്മനാഭന്‍ പറയുന്നു. പിന്നെ എന്തിനാണ് കെ.സി.എ ഭാരവാഹികള്‍ ഒളിപ്പോര് നടത്തിയത്?

കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മതിയെന്ന് സച്ചിന്‍ടെണ്ടുല്‍ക്കര്‍ പറഞ്ഞിട്ടും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അത് അവഗണിച്ചതിന് പിന്നില്‍ വിവിധ കരാറുകളിലൂടെ കിട്ടുന്ന കമ്മീഷന്‍ നഷ്ടപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് ഷൈജു ദാമോദര്‍ വെളിപ്പെടുത്തി. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തുന്നതിന് 25 കോടി മുടക്കിയാണ് ടര്‍ഫ് പണിതത്. അത് പൊളിച്ച് ഏകദിനത്തിന് പിച്ച് പണിയാനാണ് ഇവരുടെ നീക്കം. ഇതിനായി നല്‍കുന്ന കരാറുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് കമ്മീഷനായി ഇവര്‍ക്കൊക്കെ വര്‍ഷങ്ങളായി ലഭിച്ചിരുന്നു. അതിനാണ് സര്‍ക്കാര്‍ തടയിട്ടത്.

ഏകദിനത്തിന് മുന്നോടിയായി അഞ്ച് പിച്ചുകളാണ് പണിയേണ്ടത്. അതിന് കളിമണ്ണ് ഇറക്കുന്നത് മുതല്‍ പുല്ല് വെച്ച് പിടിപ്പിക്കുന്നതിന് വരെ കരാറിലൂടെ കമ്മീഷന്‍ ലഭിക്കും. ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു. 365 ദിവസവും സ്റ്റേഡിയങ്ങളില്‍ പണികള്‍ നടക്കണമെന്നാണ് കെ.സി.എ ഭാരവാഹികളുടെ ആഗ്രഹമെന്നും ഷൈജു ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊച്ചിയില്‍ ക്രിക്കറ്റ് നടത്തിയാലും തിരുവനന്തപുരത്ത് നടത്തിയാലും 35 ലക്ഷം രൂപ വാടക നല്‍കണം. കെ.സി.എയും ജി.സി.ഡി.എയും തമ്മില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് കരാറുണ്ടെന്നും 30 വര്‍ഷത്തേക്ക് കെ.സി.എ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുകയാണെന്നും ജയേഷ് ജോര്‍ജ്ജും കൂട്ടരും കായികപ്രേമികളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അങ്ങനെ ഒരു കരാര്‍ നിലവിലില്ലെന്ന് ഷൈജു വ്യക്തമാക്കി. നിയമസാധുതയില്ലാത്ത മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് (എം.ഒ.യു) മാത്രമാണ് കെ.സി.എയും കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എയും തമ്മിലുള്ളത്. ഇത് കായികപ്രേമികള്‍ മനസിലാക്കണം.

35 ലക്ഷം മുടക്കി നിര്‍മിച്ച ക്രിക്കറ്റ് പിച്ച് തകര്‍ത്തിട്ടാണ് കൊച്ചിയില്‍ ഫുട്‌ബോള്‍ ടര്‍ഫ് പണിതത്, അന്ന് തങ്ങളാരും എതിര്‍ത്തില്ലെന്ന് ജയേഷ് പറയുന്നതില്‍ കഴമ്പില്ലെന്നും ഷൈജു പറഞ്ഞു. 35 ലക്ഷം മുടക്കി നിര്‍മിച്ച പിച്ച് പൊളിച്ചപ്പോള്‍ ജയേഷും കെ.സി.എയും എന്ത് കൊണ്ട് കോടതിയില്‍ പോയില്ല, അല്ലെങ്കില്‍ എതിര്‍ത്തില്ലെന്നും ഷൈജു ചോദിക്കുന്നു. പിച്ച് പൊളിച്ചാലേ പുതിയ പിച്ച് നിര്‍മിക്കാനൊക്കൂ എന്ന് ഇവര്‍ക്കെല്ലാം അറിയാം.

ഫിഫയുടെ ഡയറക്‌റര്‍മാരിലൊരാളായ ഹാവിഫസി , കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നത് കൊണ്ട് പ്രശ്‌നമില്ലെന്ന് പറഞ്ഞെന്നാണ് കെ.സി.എ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. അത് അദ്ദേഹത്തിന് ക്രിക്കറ്റിനെ കുറിച്ച് സാങ്കേതികമായി അറിവില്ലാത്ത് കൊണ്ടാണെന്നും ഷൈജു ദാമോദര്‍ വ്യക്തമാക്കി. ക്രിക്കറ്റ് മൈതാനത്തെയും ഫുട്‌ബോള്‍ മൈതാന്തതെയും പുല്ല് പോലും വ്യത്യസ്തമാണ്. ഫുട്‌ബോളിന് കട്ടിയുള്ള പുല്ലാണ് വെച്ച്പിടിപ്പിക്കുന്നത്. തെന്നിവീഴാതിരിക്കാനും മറ്റുമാണിത്. ക്രിക്കറ്റിന് ഔട്ട്ഫീല്‍ഡിന് വേഗത കിട്ടാന്‍ പുല്ല് പറ്റെവെട്ടി നിര്‍ത്തും. ഇക്കാര്യങ്ങളൊന്നും ഹാവിസഫിക്ക് അറിയില്ലെന്നും ഷൈജു ചൂണ്ടിക്കാട്ടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ കരാറുകളും അന്വേഷിക്കണമെന്നും ഷൈജു ദാമോദര്‍ ആവശ്യപ്പെട്ടു.