ആദ്യ ഏകദിനത്തിലേറ്റ കനത്ത തോല്‍വിക്ക് തിരിച്ചടി നല്‍കിയേ തിരിച്ചു കയറൂ എന്നുറപ്പിച്ചായിരുന്നു രാജ്‌കോട്ടില്‍ കോലിപ്പട ഗ്രൗണ്ടിലിറങ്ങിയത്. കൂറ്റന്‍ വിജയലക്ഷ്യം ഒസീസിനു മുന്നില്‍ വെച്ച് ബാറ്റിംഗ് നിരയും. ക്യത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ബൗളര്‍മാരും തങ്ങളുടേതായ പങ്കുവഹിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു. ആദ്യ ഏകദിനത്തിലെ പത്തുവിക്കറ്റ് തോല്‍വി മറക്കാന്‍ പരമ്പര വിജയത്തിനെ സാധിക്കൂ എങ്കിലും ചെറിയൊരു തിരിച്ചടി കംഗാരുപ്പടയ്ക്ക് നല്‍കാന്‍ ടീം ഇന്ത്യക്കായി. വിജയം 36 റണ്‍സിന്

പത്തു വിക്കറ്റ് പരാജയമെന്ന കനത്ത ആഘാതത്തില്‍ നിന്നും ഉയിര്‍ത്തെണീറ്റ് ഓസീസിനെപ്പോലൊരു ടീമിനോട് വിജയം നേടാന്‍ കരുത്തരായ ടീമാണ്, ഒരേയൊരു ടീമാണ് ഇന്ത്യ എന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 340 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 49.1 ഓവറില്‍ 304 റണ്‍സിന് അവസാനിച്ചു.

കഴിഞ്ഞ കളിയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസം മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ വാര്‍ണറിന്റേയും ഫിഞ്ചിന്റേയും മുഖത്തുണ്ടായിരുന്നു. എന്നാല്‍ കരുതലോടെയായിരുന്നു ഇന്ത്യ. 15 റണ്‍സെടുത്ത വാര്‍ണറെ മനീഷ് പാണ്ഡെ ഒറ്റക്കൈയില്‍ ഒതുക്കിയപ്പോള്‍ ഫിഞ്ചിനെ രാഹുല്‍ സ്റ്റംപിംഗിലൂടെ വീഴ്ത്തി. പിന്നീട് 96 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി സ്മിത്തും ലംബുഷെയ്‌നും ചെറിയൊരു ഭീഷണിയായെങ്കിലും 46 റണ്‍സില്‍ ലംബുഷെയ്‌നെയും സെഞ്ചുറിക്കരികെ 98-ല്‍ സ്മിത്തിനേയും വീഴ്ത്തി.

അലക്‌സ് ക്യാരി(18), ടര്‍ണര്‍(13), ആഷ്ടണ്‍(25). കമ്മിന്‍സ്(0), മിച്ചല്‍ സ്റ്റാര്‍ക്ക്(6), ആദം സാംപ(6) എന്നിങ്ങനെ ആരേയും അധികം ക്രീസില്‍ നില്‍ക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കിയപ്പോള്‍ ഓസീസ് പോരാട്ടം 304 ല്‍ അവസാനിച്ചു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ്. നവദീപ് സെയ്‌നി , രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മുന്‍നിരതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. 96 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ വിരാട് കോഹ്ലി 78 റണ്‍സ് നേടി. എന്നാല്‍ അഞ്ചാമനായി ഇറങ്ങി തകര്‍ത്തടിച്ച കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ സ്‌കോര്‍ ഇത്രയും ഉയര്‍ത്തിയത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 80 റണ്‍സ് നേടിയ രാഹുല്‍ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.

ഓപ്പണര്‍ രോഹിത് ശര്‍മ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവര്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കായി ആദം സാമ്പ മൂന്നും കെയിന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.