ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ ടീം സെമിയിലേക്കുള്ള ബര്‍ത്ത് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 191 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 37.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 12 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 83 പന്തില്‍ 78 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 76 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും 23 റണ്‍സെടുത്ത യുവരാജ് സിംഗും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടും ബംഗ്ലാദേശും നേരത്തെ സെമിയിലെത്തിയിരുന്നു.  നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മികവൊത്ത ബൗളിംഗ് പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ റണ്ണൗട്ടാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഹാഷീം അംലയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. അംലയെ മടക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മൂന്നാമനായെത്തിയ ഡുപ്ലേസിയെ കൂട്ടുപിടിച്ച് ഡികോക്ക് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 116ല്‍ എത്തിയപ്പോള്‍ ഡികോക്കിനെ ജഡേജ വീഴ്ത്തി. 72 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 53 റണ്‍സെടുത്ത ഡികോക്കിനെ ജഡേജ ക്ലീന്‍ബോള്‍ഡാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യന്‍ ഫില്‍ഡര്‍മാരുടെ പ്രകടനം പിന്നീടാണ് കണ്ടത്. അപകടകാരിയായ എ.ബി ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യയുടെ ഫില്‍ഡിംഗില്‍ ധോണി റണ്ണൗട്ടിയാക്കിയപ്പോള്‍ ഡേവിഡ് മില്ലറെ ബുംറയുടെ ഫീല്‍ഡിംഗില്‍ കൊഹ്ലിയും പുറത്താക്കി. ഡുപ്ലെസിസിന്റെ വിക്കറ്റ് വീഴ്ത്തി പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചത്.

ഓരോ മത്സരം വീതം തോല്‍വിയും ജയവുമാണ് ഇരുടീമുകള്‍ക്കും ഉണ്ടായിരുന്നത്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് സെമിയില്‍ പ്രവേശിക്കാം. മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ റണ്‍ നിരക്കില്‍ മുന്നിലുള്ള ഇന്ത്യ സെമിയില്‍ കടക്കും എന്നതായിരുന്നു മത്സരത്തിന് മുൻപുണ്ടായിയുന്ന അവസ്ഥ. മുഖാമുഖം വന്ന മത്സരങ്ങളില്‍ കൂടുതലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അവരെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.  ടൂര്‍ണമെന്റില്‍ ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റു.