നൂറ്റാണ്ടിന്റെ പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള തീവ്രയജ്ഞത്തിലാണ് കേരളം. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമം. അതീജീവനത്തിനായി ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമ്പോഴും സാമ്പത്തികം തന്നെയാണ് സംസ്ഥാന സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 25000 കോടി വേണമെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞത്. വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ സഹായഹസ്തവുമായെത്തുന്നുണ്ട്. എൻഡിടിവിയും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. ചാനലിലെ ലൈവ് പരിപാടിയിലൂടെയാണവർ കേരളത്തിനായി പണം സമാഹരിച്ചത്.
ആറുമണിക്കൂർ നീണ്ടുനിന്ന ലൈവ് ടെലിത്തോണിലൂടെ ഇതുവരെ പത്തുകോടിയാണ് ചാനൽ സമാഹരിച്ചത്. കൃത്യമായി പറഞ്ഞാൽ 10,35,28,419 രൂപ. മുഖ്യമന്ത്രി പിണറായി വിജയൻ ടെലിത്തോണിൽ പങ്കെടുത്തു. കേരളത്തിന്റെ പുനർനിർമാണത്തിനായി കേന്ദ്രസർക്കാരിന്റെയും മറ്റുസംസ്ഥാനങ്ങളുടെ സഹായവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനായി എല്ലാ പൗരന്മാരും ഒന്നിക്കണമെന്നും തകര്‍ന്ന ഹൈവേകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യോമ, നാവിക സേന ഉദ്യോഗസ്ഥർ എന്നിവരും കേരളത്തിനായി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, സോനാക്ഷി സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എൻഡിടിവിയുടെ ഉദ്യമത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Leave a Reply