ഇംഗ്ലണ്ട് പര്യടനത്തിലെ ഓവല്‍ ടെസ്റ്റിന് മുന്‍പായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയും താരങ്ങളും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതോടെ മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് ഉപേക്ഷിക്കേണ്ടിവന്നു. ശാസ്ത്രിയുടെ പുസ്തക പ്രകാശനം ചെയ്ത ചടങ്ങിലെ സുരക്ഷാ മാനദണ്ഡ ലംഘനങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്.
ലണ്ടന്‍ ഹോട്ടലിലെ ബുക്ക് ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ കളിക്കാര്‍ മാസ്‌ക് ധരിച്ചില്ലെന്നാണ് മുന്‍ താരം ദിലീപ് ദോഷി വെളിപ്പെടുത്തിയത്. ചടങ്ങിനെത്തിയവരുമായി ശാസ്ത്രിയും കളിക്കാരും ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പേര്‍ എത്തിയതോടെ താരങ്ങള്‍ ഹോട്ടല്‍ വിട്ടെന്നും പത്തു മിനിറ്റിലധികം അവരുടെ സന്ദര്‍ശനം നീണ്ടില്ലെന്നും ദോഷി പറഞ്ഞു. ദോഷിയും പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
അതേസമയം, പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം അനുമതി തേടിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തില്‍ വളരെയേറെ മുന്നേറിയ ബ്രിട്ടനില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്. ഇതാവാം മാസ്‌കും മറ്റും ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ കളിക്കാരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
Leave a Reply