2022ൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയും പുരുഷ, വനിതാ ഹോക്കി ടീമുകൾ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യുകെ അറിയിച്ചത്. 2022 ജൂലായിൽ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.