ലോക പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു.

എല്ലാവരും അദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെന്നും സാക്കിര്‍ ഹുസൈന്റെ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചതിന് തൊട്ടു പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച സാക്കിര്‍ ഹുസൈന്‍ നാല് ഗ്രാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1951 ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. പന്ത്രണ്ടാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999 ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തബലയെ ലോക പ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍. സംഗീത ലോകത്തിലേക്ക് കൈപിടിച്ചത് പിതാവ് ഉസ്താദ് അല്ലാ രഖാ ആയിരുന്നു.

കേരളത്തോടും ഇവിടുത്തെ താള വാദ്യങ്ങളോടും എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്നു. പല തവണ കേരളം സന്ദര്‍ശിച്ചു. 2017 ല്‍ പെരുവനത്ത് എത്തിയ സാക്കീര്‍ ഹുസൈനെ ഗ്രാമം ആവേശത്തോടെ സ്വീകരിച്ചു. അന്ന് പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ എന്നിവര്‍ക്ക് ഒപ്പം വേദി പങ്കിട്ടിരുന്നു.

മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.