ലണ്ടന്‍: എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന വിദേശീയരില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. പാര്‍ലമെന്റ് റിസര്‍ച്ച് ഗ്രൂപ്പ് പുറത്തു വിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. ആകെ ഇന്ത്യക്കാരുടെ എണ്ണം 18,348 വരുമെന്നാണ് കണക്ക്. ആകെ 202 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. വിദേശീയരായ ഡോക്ടര്‍മാരുടെ എണ്ണത്തിലും ഇന്ത്യന്‍ വംശജര്‍ക്കാണ് മേല്‍ക്കൈ. 6413 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സുമാരുടെ എണ്ണത്തില്‍ ഫിലിപ്പൈന്‍സിന് പിന്നില്‍ രണ്ടാമതായാണ് ഇന്ത്യക്ക് സ്ഥാനം. 6313 നഴ്‌സുമാരാണ് ഇന്ത്യന്‍ വംശജരായുള്ളത്.
976,288 ബ്രിട്ടീഷു കാരാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരില്‍ 87.5 ശതമാനം വരും ഇത്. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാഫുമടക്കം 1,37,000 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 62,000 പേര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ജീവനക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഫിലിപ്പൈന്‍സ് സ്വദേശികളാണ്. 15,391 ഫിലിപ്പീനോകളാണ് എന്‍എച്ച്എസ് ജീവനക്കാരായുള്ളത്. ഇംഗ്ലീഷ് മാതൃഭാഷയായ ഓസ്‌ട്രേലിയക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്‌വെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ കണക്കനുസരിച്ച് യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നില്ല. എന്‍എച്ച്എസ് ഡാറ്റയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 202 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നത്.
യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ബ്രിട്ടീഷുകാരുമായി സംവദിക്കുന്നതില്‍ ഭാഷ പ്രശ്‌നമാകുമോ എന്ന ഭീതിയുണ്ടെങ്കിലും അവ അസ്ഥാനത്താണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഇനിയും 5000 ഡോക്ടര്‍മാരെക്കൂടി എന്‍എച്ച്എസിന് ആവശ്യമായുണ്ട്. വിദേശത്തു നിന്നുള്ളവരെയാണ് എന്‍എച്ച്എസ് ഈ ഒഴിവുകള്‍ നികത്താനായി ലക്ഷ്യമിടുന്നത്.
Leave a Reply