ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ്ണ ശ്രീവാസ്തവയെ ഗുരുതരമായ പ്രഫഷണൽ പിഴവുകൾ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പുറത്താക്കി. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹൾ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട കേസിൽ, ഇവരുടെ ലൈസൻസ് ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് കൗൺസിൽ റദ്ദാക്കുകയും മെഡിക്കൽ രജിസ്റ്ററിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാനും ഉത്തരവിടുകയും ചെയ്തു. ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്ക് അശാസ്ത്രീയ ‘ഒറ്റമൂലി’ ചികിത്സകൾ നിർദേശിച്ചതാണ് നടപടിക്ക് കാരണം.

കീമോതെറാപ്പി പോലുള്ള ശാസ്ത്രീയ ചികിത്സകൾ അനാവശ്യമാണെന്ന് പ്രചരിപ്പിച്ച്, പകരം പച്ചക്കറി ജ്യൂസുകളും പ്രത്യേക ഭക്ഷണക്രമങ്ങളും ഉപയോഗിച്ച് ക്യാൻസർ ഭേദമാക്കാമെന്ന് അപർണ്ണ രോഗികളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്യാൻസർ കോശങ്ങളെ “പട്ടിണിക്കിട്ട് കൊല്ലാം” എന്ന അവകാശവാദം ഉൾപ്പെടെ ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഡയറ്റ് പ്ലാനുകൾ നൽകി, ഗുരുതരാവസ്ഥയിലുള്ള രോഗികളോട് പോലും ചികിത്സ ഒഴിവാക്കാൻ നിർദേശിച്ചതായി ട്രിബ്യൂണൽ വിലയിരുത്തി. ഔദ്യോഗിക പദവി ഉപയോഗിച്ച് രോഗികളുടെ വിശ്വാസം നേടിയ ശേഷം, സോഷ്യൽ മീഡിയ വഴിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും ഗുരുതരമായ കുറ്റമായി കണക്കാക്കി.
2020 മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും, ആദ്യഘട്ടത്തിൽ സസ്‌പെൻഷൻ നൽകിയിട്ടും തെറ്റായ പ്രചാരണം തുടർന്നതോടെ കർശന നടപടി സ്വീകരിക്കേണ്ടിവന്നുവെന്നും അധികൃതർ വ്യക്തമാക്കി. രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഈ പ്രവൃത്തികൾ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ അംഗീകൃത മെഡിക്കൽ വിദഗ്ധരുടെ നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും, സോഷ്യൽ മീഡിയയിലെ വ്യാജ ചികിത്സാ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്നും എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി.











Leave a Reply