നോര്‍വേ: നോര്‍വേയിലെ വെസ്‌റ്റേണ്‍ കോസ്റ്റില്‍ നിയന്ത്രണം നഷ്ടമായി തീരത്തടിഞ്ഞ ‘വൈക്കിംഗ് സ്‌കൈ ക്രൂയിസ് ഷിപ്പില്‍’ കുടുങ്ങിയവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടരുന്നു. ഷിപ്പില്‍ 1300 പേരുണ്ടെന്നാണ് കണക്കുകള്‍. ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ശനിയാഴ്ച്ചയാണ് ഷിപ്പ് അപകടത്തില്‍പ്പെട്ടതായി അടിയന്തര സന്ദേശമെത്തുന്നത്. മോശം കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാവാതെ കപ്പലിന്റെ എഞ്ചിന്‍ തകരാറിലാവുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എഞ്ചിന്‍ തകരാറിലായതോടെ കപ്പലിന്റെ നിയന്ത്രണം പൂര്‍ണമായും നാവികര്‍ക്ക് നഷ്ടമായിട്ടുണ്ട്.

കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് കപ്പല്‍ തീരത്തുള്ള പാറക്കൂട്ടങ്ങളിലേക്ക് അടിച്ചു കയറുകയാണ്. ശക്തമായ തിരമാലകള്‍ കപ്പലുള്ളവരെ ആശങ്കാകുലരാക്കുന്നുണ്ട്. നിലവില്‍ ഹെലികോപ്റ്റര്‍ വഴി യാത്രക്കാരെയും ക്രൂ അംഗങ്ങളെയും പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. 26 അടിയിലധികമുള്ള തിരമാലയാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമായും തടസം സൃഷ്ടിക്കുന്നത്. നിലവില്‍ കപ്പല്‍ നില്‍ക്കുന്ന സ്ഥലത്ത് പാറക്കൂട്ടങ്ങളുണ്ട്. കപ്പല്‍ ഇത് തട്ടി കൂടുതല്‍ അപകടങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എം.വി വിക്കിംഗ് സ്‌കൈ ക്രൂയിസ് ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2012ലാണ്. ഏതാണ്ട് 400 മില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഷിപ്പിന്റെ നിര്‍മ്മാണ ചെലവ്. ലോകത്തിലെ തന്നെ ഏറെ പ്രചാരമേറിയ ആഢബംര കപ്പലുകളിലൊന്നായിരുന്നു വൈക്കിംഗ് സ്‌കൈ. 2017 ജനുവരി 26നാണ് കപ്പലിന്റെ പൂര്‍ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്. പിന്നാലെ ഫെബ്രുവരി 25ന് കപ്പലിന്റെ കന്നിയാത്രയും നടന്നു. 227.28 മീറ്ററാണ് വിക്കിംഗ് സ്‌കൈയുടെ നീളം. പതിനാല് ഡെക്കുകളും ഷിപ്പിലുണ്ട്. മണിക്കൂറില്‍ 37 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കപ്പലിന് കഴിയും. 930 യാത്രക്കാരെയും കൂടാതെ 550 ക്രൂ അംഗങ്ങളെയും വഹിക്കാനുള്ള കപ്പാസിറ്റി കപ്പലിനുണ്ട്. നിലവിലുണ്ടായിരിക്കുന്ന എഞ്ചിന്‍ പ്രശ്‌നത്തെക്കുറിച്ച് വിദഗ്ദ്ധമായ അന്വേഷണം ഉടനുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.