ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
സ്വീഡൻ :- 2019 – ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ- അമേരിക്കൻ വംശജനായ അഭിജിത് ബാനർജി, അദ്ദേഹത്തിന്റെ ഭാര്യ എസ്ഥേർ ദുഫ്ളോ, മൈക്കൽ ക്രിമെർ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ആഗോളതലത്തിൽ ദാരിദ്ര്യ നിർമാർജനത്തിന് ഇവരുടെ പരീക്ഷണങ്ങൾ വളരെയധികം സഹായകമായെന്ന് നോബൽ കമ്മിറ്റി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുംബൈയിൽ ജനിച്ച അഭിജിത് ബാനർജി, കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസ് സി ബിരുദവും, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി ബിരുദവും നേടി. പിന്നീട് 1988- ൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി ബിരുദവും നേടി. ഇപ്പോൾ മസ്സാച്യുസ്സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ് അദ്ദേഹം. 2003- ൽ അഭിജിത്ത് ബാനർജി, ഭാര്യ എസ്ഥേർ ദുഫ്ലോയോടും, അമേരിക്കയിലെ കമ്പ്യൂട്ടേഷൻ & ബിഹേവിയറൽ സയൻസ് പ്രൊഫസർ സെന്തിൽ മുല്ലൈനാഥനോടും ചേർന്ന് അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ക്ലബ്ബ് ( ജെ – പാൽ ) രൂപീകരിച്ചു. പോവർട്ടി ലാബിന്റെ ഡയറക്ടർമാരിൽ ഒരാളായി ഇപ്പോഴും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
അഭിജിത്തിനൊപ്പം പുരസ്കാരം ലഭിച്ച ഭാര്യ എസ്ഥേർ ദുഫ്ളോ, മസ്സാച്യുസ്സെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായിരുന്നു. 46 കാരിയായ എസ്ഥേർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ്. അഭിജിത് ബാനർജിയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം ഇന്ത്യയുടെ സാമ്പത്തിക പോളിസികളെയും മറ്റും സംബന്ധിച്ചുള്ളതാണ്. 2019 – ലെ ഇലക്ഷന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയുടെ മികച്ച വാഗ്ദാനങ്ങളിൽ ഒന്നായ ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു അഭിജിത് ബാനർജി. മോദി സർക്കാരിന്റെ ഡെമോണിറ്റായ്സെഷൻ പദ്ധതിയോടും, ജി എസ് ടി പദ്ധതിയോടും അദ്ദേഹം അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയ്ക്ക് ഇത് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ തുടങ്ങിയവർ അഭിജിത്തിനെ അഭിനന്ദിച്ച് പോസ്റ്റുകൾ ഇട്ടു. അഭിജിത്തിന് ലഭിച്ച നോബൽ സമ്മാനത്തിൽ ഇന്ത്യ മുഴുവൻ സന്തോഷിക്കുന്നതായി പ്രധാനമന്ത്രി രേഖപ്പെടുത്തി.
Leave a Reply