ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറുടെ കൊലപാതകം, പ്രതി മുൻ കാമുകൻ തന്നെ; 400 കിലോമീറ്ററോളം കാറോടിച്ചെത്തി കൊലനടത്തിയത്, സിസിടിവി ദൃശ്യങ്ങളുടെ പിന്നാലെ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറുടെ കൊലപാതകം, പ്രതി മുൻ കാമുകൻ തന്നെ;  400 കിലോമീറ്ററോളം കാറോടിച്ചെത്തി കൊലനടത്തിയത്, സിസിടിവി ദൃശ്യങ്ങളുടെ പിന്നാലെ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്
March 07 10:34 2019 Print This Article

ഓസ്ട്രേലിയയിൽ ഇന്ത്യൻ ദന്തഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കെയ്‌സില്‍ കാറിൽ ഒളിപ്പിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. 32 കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതിൽ സംശയിക്കപ്പെടുന്ന ഏക ആളും അപകടത്തിൽ മരിച്ചതാണു പൊലീസിനെ വലയ്ക്കുന്നത്. മുൻ കാമുകൻ ഡോ. ഹർഷവർധൻ നാര്ദെയുടെ അപകട മരണത്തിനു പ്രീതിയുടെ കൊലയുമായി എന്തുമാത്രം ബന്ധമുണ്ടെന്നു കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.

പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാര്ദെ മരിച്ചുകിടന്നത്. ഹർഷവർധന്‍ ഓടിച്ച ബിഎംഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുൻ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹർഷവർധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറയുന്നു.

കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റർ ദൂരെയായി മുൻ കാമുകൻ അപകടത്തിൽപ്പെട്ടു മരിച്ചതു മനഃപൂർവമെന്നാണു പൊലീസ് കരുതുന്നത്. പ്രീതിയുടെ ദുരൂഹമരണത്തിൽ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാൻ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹർഷവർധന്റേതെന്നാണു നിഗമനം. ടാംവർത്തിൽനിന്നു സിഡ്നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.

മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹർഷവർധനെ പ്രീതി അറിയിച്ചെന്നു പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദ് ഡൈലി ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. ‘ഞാൻ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്നൊരു സന്ദേശം പ്രീതി ഹർഷവർധനു കൈമാറി.

ഇരുവരും നിരവധി സന്ദേശങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹർഷവർധന് ഇല്ലെന്നതു അന്തിമ നിഗമനങ്ങളിൽ എത്തുന്നതിനു പൊലീസിനു തടസ്സമാണ്. ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഹോട്ടൽ ലോബിയിൽ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹർഷവർധന്റെയും പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു.

ദീർഘനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. ആ ഊഷ്മളത ഇരുവരുടെയും പെരുമാറ്റത്തിലുണ്ടായിരുന്നു. കോൺഫറൻസിനു പിന്നാലെ ഹർഷവർധൻ ഫെയ്സ്ബുക്ക് അക്കൗണ്ട് കളഞ്ഞത് ഇപ്പോൾ ഓർക്കുമ്പോൾ അസ്വാഭാവികമായി തോന്നുന്നു– സഹപ്രവർത്തകൻ പറഞ്ഞു.

Image result for final-moments-of-indian-origin-australian-dentist-preethi

കൂടുക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കുശേഷം പുലർച്ച 2.15ന് സിഡ്നി സ്റ്റ്രാൻഡ് ആർക്കേഡിലെ മക്ഡൊണാൾഡ്സിലെ സിസിടിവിയിൽ പ്രീതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിൽ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോൾ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. 5 മിനുറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തിൽ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.

‘നന്നായി അറിയാവുന്ന പുരുഷന്റെ’ ഒപ്പമാണ് അന്നു ഹോട്ടലിൽ പ്രീതി താമസിച്ചിരുന്നതെന്നു പൊലീസ് വക്താവ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുകാരെ വിളിച്ച പ്രീതി, പ്രഭാതഭക്ഷണത്തിനു ശേഷം പെൻറിത്തിലെ വീട്ടിലേക്കു തിരികെയെത്തുമെന്ന് അറിയിച്ചു.

സമയമായിട്ടും പ്രീതി വരാതിരുന്നതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു. പ്രീതിയെ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ ഫെയ്സ്ബുക് പേജ് തയാറാക്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞു ഹോട്ടലിലെ ചുമട്ടുകാരന്റെ സഹായത്തോടെ ഹർഷവർധൻ വലിയൊരു സൂട്ട്കെയ്സ് കാറിലേക്കു മാറ്റുന്നതും സിസിടിവിയിലുണ്ട്. മാധ്യമവാർത്തകൾ പ്രകാരം, ഈ പെട്ടിയിലുണ്ടായിരുന്നത് പ്രീതിയുടെ മൃതദേഹമാണെന്നാണു സൂചന.

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണു സിഡ്നിയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുനിന്നാണു കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രീതിയെ കാണാനില്ലെന്ന പരാതിക്കുപിന്നാലെ ഹർഷവർധനെ ചോദ്യം ചെയ്തിരുന്നതായി ഡിറ്റക്ടീവ് സൂപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് പറഞ്ഞു. അടുത്തദിവസമായ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു കാറപകടത്തിൽ ഹർഷവർധൻ മരിച്ചത്.

പ്രീതിയുടെ മരണത്തിൽ മറ്റുള്ളവർക്കാർക്കും പങ്കില്ലെന്നാണു പൊലീസിന്റെ നിലപാട്. എങ്കിലും പ്രീതിയുടെ അവസാന നിമിഷങ്ങളും സംഭവത്തിന്റെ തുടർ കണ്ണികളും ചേർത്തെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതേപ്പറ്റി എന്തെങ്കിലും അറിയുമെങ്കിൽ പങ്കുവയ്ക്കണമെന്നു പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles