അക്ഷയ് റുപറേലിയയെ അധികമാരും അറിയില്ല. സ്‌കൂളിലെ ഒഴിവുസമയങ്ങളില്‍ കച്ചവടം നടത്തി കോടീശ്വരനായ കൗമാരക്കാരനാണിയാള്‍. കൂടെയുള്ള കുട്ടികള്‍ ഒഴിവുസമയങ്ങളില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഇന്ത്യന്‍ വംശജനായ അക്ഷയ് മൊബൈലില്‍ മുഖംതാഴ്ത്തി കച്ചവടത്തിന്റെ പുതുവഴികള്‍ തേടുകയായിരുന്നു.

യുകെയിലെ ഓണ്‍ലൈന്‍ എസ്റ്റേറ്റ് ഏജന്‍സികളില്‍ 16 മാസംകൊണ്ട് മികവ് തെളിയിച്ച് കോടീശ്വരനായി അക്ഷയ്.  ഒരു വര്‍ഷംകൊണ്ട് നേടിയത് 12 ദശലക്ഷം പൗണ്ടിലേറെ. അതായത് ഈ കാലയളവിനുള്ളില്‍ അദ്ദേഹം വിറ്റത് മൊത്തം 100 ദശലക്ഷം പൗണ്ട് മൂല്യംവരുന്ന വീടുകള്‍.

കമ്പനി (ഡോര്‍സ്‌റ്റെപ്പ്‌ഡോട്ട്‌കോഡോട്ട് യുകെ) തുടങ്ങി മാസങ്ങള്‍ക്കകം ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു. വിപണിയില്‍ സമാന ബിസിനസ് ചെയ്യുന്ന ഏജന്റുമാര്‍ ആയിരക്കണക്കിന് പൗണ്ട് കമ്മീഷനായി വാങ്ങുമ്പോള്‍ 99 പൗണ്ട് മാത്രം കമ്മീഷനായി സ്വീകരിച്ച് ബിസിനസ് നടത്താനാണ് അക്ഷയ് ഉദ്ദേശിക്കുന്നത്.

ബന്ധുക്കളില്‍നിന്ന് കടംവാങ്ങിയ 7000 പൗണ്ട് ഉപയോഗിച്ചാണ് അക്ഷയ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ 12 പേര്‍ ജോലിക്കാരായുണ്ട്. സ്‌കൂള്‍ സമയത്ത് വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാന്‍ കോള്‍ സെന്ററിനെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. ക്ലാസ്സുകഴിഞ്ഞാല്‍ ഇവരെയെല്ലാം അക്ഷയ് തിരികെവിളിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് സ്വയം തൊഴില്‍ ചെയ്യുന്ന വീട്ടമ്മമാരുടെ ഒരു നെറ്റ് വര്‍ക്ക് യുകെയില്‍ പിറന്നു. വില്പനയ്ക്കുള്ള വീടുകള്‍ കാണിച്ചുകൊടുത്ത് വില്പന നടത്തുകയാണ് ഇവരുടെ ചുമതല. വില്പനയ്ക്ക് വച്ചിരുന്ന വീടുകള്‍ക്ക് സമീപമുള്ള വീട്ടമ്മമാര്‍ക്കാണ് ഈചുമതല നല്‍കിയിരുന്നത്.

ഭിന്നശേഷിക്കാരെ സഹായിക്കുന്ന ജോലിയിലേര്‍പ്പെട്ടിട്ടുള്ള 57 വയസ്സുകാരനാണ് അക്ഷയ് യുടെ അച്ഛന്‍. അമ്മയാകട്ടെ ലണ്ടനിലെ കാംഡന്‍ കൗണ്‍സിലിലെ ബധിരരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ടീച്ചിങ് അസിസ്റ്റന്റുമാണ്.

ഓക്‌സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സും മാത്തമാറ്റിക്‌സും പഠിക്കാന്‍ ഓഫര്‍ ലഭിച്ചെങ്കിലും ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ റുപറേലിയ അതുവേണ്ടെന്നുവെച്ചു.