റോമി കുര്യാക്കോസ്
യു കെ: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐ ഒ സി യു കെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സ്ഥാനാർഥികളുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടിന്റെ പ്രകാശനം കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നിർവഹിച്ചു.
മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. യു കെ യിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു. ഐ ഒ സി കോർഡിനേറ്റർ അഷീർ റഹ്മാൻ നേതൃത്വം നൽകി.
വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥിളുടെ പ്രചരണ പരിപാടികളിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് യു കെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്റർ പ്രവർത്തകർ. വീടുകളിൽ വോട്ടുതേടിയും മണ്ഡലതല പ്രവർത്തനങ്ങളിലും ഐ ഒ സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും സംഘടനാ ശക്തി പൂർണ്ണതോതിൽ വെളിവാക്കികൊണ്ടും യു ഡി എഫ് നടത്തുന്ന ചിട്ടയായ പ്രവർത്തനം പ്രവർത്തകർക്ക് പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ യു കെയിൽ നിന്നും കൂടുതൽ പ്രവർത്തകർ നാട്ടിലെത്തി പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ ഐ ഒ സിയുടെ നേതൃത്വത്തിലുള്ള പ്രചാരണം കൂടുതൽ ശക്തമാകുമെന്ന് ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി അപ്പച്ചൻ കണ്ണഞ്ചിറ കൺവീനറായിക്കൊണ്ട് ഒരു തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യു കെ കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്, മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ജോയിന്റ് കൺവീനർമാരായി സുരാജ് കൃഷ്ണൻ, നിസാർ അലിയാർ, ജെന്നിഫർ ലിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ പ്രവർത്തനം. വിവിധ പരിപാടികളുടെ ഏകോപനത്തിനായി കമ്മിറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Leave a Reply