കാരൂര്‍ സോമന്‍

കേരളം ആദരവോടെ ‘സാര്‍’ എന്ന് വിളിച്ചിരുന്നവരെ നോക്കി ‘ഉളുപ്പുണ്ടോ സാര്‍’ എന്ന പരിഹാസം കേട്ടപ്പോള്‍ എ.ഡി. മൂന്നാം ശതാബ്ദത്തില്‍ മഗധം ആസ്ഥാനമാക്കി ഭരണം നടത്തിയ ശ്രീഗുപ്തനും തുടര്‍ന്ന് വന്ന ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ (വിക്രമാദിത്യന്‍) കഥകളുമാണ് ഓര്‍മയിലെത്തുന്നത്. ഉത്തരേന്ത്യന്‍ ചരിത്രത്തില്‍ സാംസ്‌കാരിക -സംസ്‌കൃത സാഹിത്യത്തിന്റ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് ഗുപ്തന്മാരുടെ ഭരണകാലമാണ്. സംസ്‌കൃതത്തിലെ നവരത്‌നമായിരുന്ന കാളിദാസനുള്‍പ്പടെ ഒന്‍പത് മഹാകവികള്‍ വര്‍ണ്ണനിലാവ് നിറഞ്ഞ വിക്രമാദിത്യ സദസ്സില്‍ സുരസുന്ദരിമാരുടെ സുഗന്ധത്തില്‍ രാജാവിന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്തുമായിരുന്നു. അതിന്റ പ്രധാന കാരണം സാഹിത്യം അറിവിന്റ വിളനിലമായതുകൊണ്ടാണ്. വിക്രമാദിത്യന്റ് ഭരണകാലം സാഹിത്യ സംസ്‌കാരിക കലാ രംഗത്തുള്ളവര്‍ ആരും തന്നെ രാജാവിന് അടിമപ്പണി ചെയ്യുന്നവരായിരുന്നില്ല. അന്ന് മനഃപ്രീതി ഭാഷയിലാണ് എല്ലാവരും ശ്രദ്ധിച്ചതെങ്കില്‍ ഇന്ന് സമ്പത്തും പദവിയും പ്രശസ്തിയുമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ബി.സി. 300 ല്‍ തുടങ്ങി എ.ഡി. 2019 ലെത്തുമ്പോള്‍ അത് കൊടിയുടെ നിറത്തില്‍ എത്തി നില്‍ക്കുന്നു. മലയാള ഭാഷാ-സാഹിത്യത്തിന്റ കെട്ടുകളഴിച്ചെടുക്കുമ്പോള്‍ സ്വദേശ-വിദേശ രാജാക്കന്മാര്‍വരെ ആദരവോട് കണ്ടിരുന്ന വിജ്ഞാന ശാഖക്ക് സ്നേഹമോ ആദരവോ ഇല്ലെന്ന് മനസ്സിലാകും. നാം വളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് അവരുടെ യജമാനന്മാരോട് സ്നേഹ ബഹുമാനമുണ്ട്. എന്നാല്‍ അമ്മ തന്റെ കുഞ്ഞിനെ മടിയിലിരുത്തി ലാളിച്ചു വളര്‍ത്തുന്ന മാതൃഭാഷയെ, പ്രപഞ്ചത്തെ നാം എങ്ങനെയാണ് പരിചരിക്കുന്നത്?

സാഹിത്യം ഒരു ജനതയുടെ കണ്ണാടിയാണ്. ആ കണ്ണാടിയില്‍ ഇന്ന് പ്രതിബിംബിക്കുന്നത് സ്വന്തം മുഖവും കൊടിയുടെ നിറവും മാത്രം. കണ്ണുകള്‍ തുറന്ന് വികസിതമായ ഒരു ലോകത്തേക്ക് അവര്‍ സഞ്ചരിക്കുന്നില്ല. പദവിയും പത്രാസ്സും ലഭിച്ചപ്പോള്‍ അന്ധന്മാരായി മാറുന്നു. വിദേശത്തും ഇതുപോലെ സംഘടനകളുടെ പദവികള്‍ വഹിക്കുന്ന കുറെ അന്ധന്മാരെ കാണാറുണ്ട്. ഈ കൂട്ടരാകട്ടെ സാഹിത്യത്തിലെ സ്വയം വിരിയുന്ന പൂക്കളായി വിലയിരുത്തുന്നു. ഒരു മൈക്കുന് മുന്നില്‍ ഉറഞ്ഞുതുള്ളി ഭാഷയെപ്പോലും കിഴ്‌മേല്‍ മറിച്ചു് കാവ്യ സൗന്ദര്യം കെടുത്തുന്നു. ഭാഷയുടെ ബോധമണ്ഡലം എവിടെയെന്നുപോലും ഒരു ബോധവുമില്ല. ഭാഷയുടെ സാഹിത്യ സൗന്ദര്യ0 പ്രത്യക്ഷമായും പരോക്ഷമായും ഗുണം ചെയ്യേണ്ടത് ഭാഷയെ ആദരപൂര്‍വ്വം കാണുന്നവര്‍ക്കാണ്. അത് ചെളിപുരണ്ട ഭാഷയായാല്‍ കാവ്യ ഭാഷയുടെ മേല്‍ക്കൂര തന്നെ ഇടിഞ്ഞുവീഴും. ഒരുല്പന്നം വിറ്റഴിക്കുന്ന പരസ്യത്തിലെ അംഗീകൃത ഏജന്റന്മാരായി നമ്മുടെ സാംസ്‌കാരിക രംഗത്തുള്ളവര്‍ വേഷങ്ങള്‍ കെട്ടിയാടി ആടിപാടുന്ന കാലം.

നല്ലൊരു പറ്റം ഭരണരംഗത്തുള്ളവരാകട്ടെ രാഷ്ട്രീയബോധം എന്തെന്നറിയാത്ത പാര്‍ട്ടികളുടെ വക്താക്കളായി മാറുന്നു. ജനാധിപത്യം വരുന്നതിന് മുന്‍പ് ജനത്തെ നയിച്ചത് രാജാവാണ്. അദ്ദേഹം ഭരണാധികാരിയായതിനാല്‍ ‘രാജന്‍’ എന്ന് വിളിച്ചു. ഇന്നുള്ളവരെ നാം വിളിക്കുന്നത് ഓരോ പാര്‍ട്ടികളുടെ രാജനു പകരം നേതാവ്. എന്നാണ്. ഇവരാകട്ടെ മനുഷ്യന് നല്‍കുന്നത് അസഹിഷ്ണത, അസ്സുയ, ഭയം, ഭീതി, അരക്ഷിതത്വബോധം, ദാരിദ്ര്യം, പട്ടിണി, അനീതി മുതലായവയാണ്. ഇവര്‍ ഭാരതത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ കോടികണക്കിന് ജനത്തെ പട്ടിണിക്കാരാക്കി എന്നതാണ്. ഇത്രമാത്രം ദുരന്തം വിതക്കുമെന്ന് ആരും കരുതി കാണില്ല. നല്ലൊരു ഭരണാധികാരിക് ആദ്യം വേണ്ടത് വിവേകം, താഴ്മ, വിനയം, അറിവും അനുഭവവും ആരോഗ്യമുള്ള ഒരു മനസ്സുമാണ്. അവര്‍ ഒരു ഡോക്ടര്‍ക്ക് തുല്യരാണ്. രോഗത്തിന് ചികില്‍സ നല്‍കുന്നവര്‍, മുറിവുണക്കുന്നവര്‍, സഹജീവികളോട് സ്നേഹവും കാരുണ്യമുള്ളവര്‍. അധികാരമെന്ന ആനപ്പുറം കണ്ടാല്‍ മനുഷ്യരെ വാല്‍സല്യത്തോടെ ഒന്ന് നോക്കാന്‍ പോലും സാധിക്കുന്നില്ല. അധികാരം അവരെ മനസികരോഗികളാക്കി മാറ്റുന്നു. ഇവര്‍ വിചാരണക്ക് വിധേയമാക്കുന്നതും രോഗികളാക്കുന്നതും പാവങ്ങളെയാണ് അല്ലാതെ സമ്പന്നമാരെയും വന്‍കിട മുതലാളിമാരേയുമല്ല. കിടന്നുറങ്ങാന്‍ ഒരു തുണ്ടു ഭൂമിയില്ലാത്ത പാവങ്ങളുടെ നാട്. പ്രഭൂത്വ -ഫ്യൂഡല്‍ വൃവസ്ഥിതിയുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ നാട്. ഭാഷ സാഹിത്യത്തെപ്പോലും രാഷ്ട്രീയവത്കരിച്ച നാട്, മാധ്യമങ്ങള്‍പോലും കൊടിയുടെ നിറം നോക്കി തിരക്കഥകളുണ്ടാക്കുന്നു, പ്രചാരവേലകള്‍ നടത്തുന്ന നാട്. രാജഭരണത്തിനും കൊളോണിയല്‍ ഭരണത്തിനും എണ്ണിയാല്‍ തീരാത്ത പോരാട്ടങ്ങള്‍, രക്തച്ചൊരിച്ചില്‍ നടത്തി സ്വാതന്ത്ര്യം നേടിയ നാട്ടില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാതെ തെരുവുകളില്‍ അലയുന്നതും നാട് വിട്ട് പരദേശയായി പാര്‍ക്കുന്നതും അധികാരിവര്‍ഗ്ഗം ജനങ്ങളുടെ സേവകരല്ല എന്നതിന്റ തെളിവാണ്. ഇത് ഇന്ത്യയുടെ ഇരുണ്ട നാളുകളെയാണ് സൂചിപ്പിക്കുന്നത്.

ഈ ഇരുണ്ട നാളുകളുടെ ഇരകളാണ് ഈ സാര്‍ എന്ന് വിളിക്കുന്ന കെ.എസ്.രാധാകൃഷ്ണനും, ടി.പി.ശ്രീനിവാസനും. ഉളുപ്പുണ്ടോ സാര്‍ എന്നു ചോദിക്കുന്നവര്‍ അറിയേണ്ടത് ഇവര്‍ രണ്ടും രാജഭക്തന്മാരല്ല അതിനേക്കാള്‍ പെറ്റിബൂര്‍ഷ്വ പാര്‍ട്ടികളുടെ ഔദാര്യം കൈപറ്റിയവരാണ്. ഇന്ത്യയിലെ എല്ലാം രാഷ്ട്രീയപാര്ടികളിലും ആ സത്ത അടങ്ങിയിട്ടുണ്ട്. ഓരൊ പാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികള്‍ പണത്തിന്റ വലുപ്പം നോക്കി അങ്ങോട്ടുമിങ്ങോട്ടും കാലുവാരി കളിക്കാറുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കണമെങ്കില്‍ അതിനേക്കാള്‍ വലിയൊരു കൊമ്പ് കിട്ടികാണണം. പ്രതിമകള്‍ തച്ചുടക്കുന്നതുപോലെ ഇന്ത്യന്‍ ജനാധിപത്യം ആര്ക്കും തച്ചുടക്കാം. നമ്മുടെ പ്രധാനമന്ത്രിയെപ്പോലെ നല്ല കുശവന്മാരുണ്ടായാല്‍ വീണ്ടും നല്ല പ്രതിമകളുണ്ടാക്കാം. വോട്ടുചെയ്യുന്ന വിവരദോഷികള്‍ പോലും ഇവര്‍ക്ക് മാപ്പ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അഴിമതിപോലെ ഇതും ഒരു രോഗമാണ്. എഴുത്തുകാരുടെ തൂലികയോടിച്ചു പദവികളും, പുരസ്‌കാരങ്ങളും ഇരിപ്പിടം കൊടുത്തതിനെക്കാള്‍ വലിയവരോ വലുപ്പമുള്ളവരോ അല്ല ഈ അക്കാദമിക് പുരുഷന്മാര്‍. ബെല്ലും ബ്രേക്കുമില്ലാത്ത സോഷ്യല്‍ മീഡിയയില്‍ അവരെ അപമാനിച്ചിട്ട് എന്ത് നേടാനാണ്. അടിയന്തര ശാസ്ത്രകൃയ വേണ്ടത് വ്യക്തികള്‍ക്കല്ല ഇന്ത്യന്‍ ജനാധിപത്യത്തിനാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുര്‍മന്ത്രവാദികളെ കാണുമ്പോള്‍ രണ്ടാമതായി ഓര്‍മ്മ വരുന്നത് ആര്‍സെനിയസ് പുണ്യവാളന്‍ ക്രിസ്ത്യാനികളോട് പറയുന്ന വാക്കുകളാണ്. ഓടിക്കോ, മിണ്ടരുത്, അനങ്ങരുത്’.