‘എട്ട് ദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു വെള്ളിയാഴ്ചയാണ് ആദ്യമായി മൂന്നുപേരടങ്ങുന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എന്റെ റൂമിന്റെ വാതിലില്‍ മുട്ടുന്നത്. പക്ഷെ, വാതില്‍ തുറന്നില്ല. അടുത്തദിവസം രാവിലെ അവര്‍ വീണ്ടുമെത്തി. അതിനുമുമ്പുതന്നെ തന്റെ പൂച്ചക്കുട്ടിയെ സുഹൃത്തിനെ ഏല്‍പ്പിച്ച് കൈയില്‍ കിട്ടിയതൊക്കെ വാരിക്കെട്ടി ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍നിന്ന് കാനഡയ്ക്കുള്ള വിമാനം പിടിച്ചു’- പലസ്തീന്‍ അനുകൂലിയെന്ന് ആരോപിച്ച് അമേരിക്കന്‍ ഭരണകൂടം വീസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടന്നുപോയിട്ടുള്ള അനുഭവങ്ങളാണിവ.

രഞ്ജനി ശ്രീനിവാസന്‍ സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക് എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കാനഡയിലേക്കാണ് പോയതെന്ന് രഞ്ജനി വെളിപ്പെത്തിയത്. അമേരിക്കയില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെ ആഭ്യന്തരസുരക്ഷാവകുപ്പിന്റെ സിബിപി ആപ്പ് ഉപയോഗിച്ച് രാജ്യംവിടാനുള്ള സന്നദ്ധത ഇവര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി ഇന്ത്യയിലേക്കാണ് പോയതെന്നായിരുന്നു വിലയിരുത്തലുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താന്‍ അനുഭവിക്കുന്ന കാര്യങ്ങളും രഞ്ജനി ന്യൂയോര്‍ക്ക് ടൈംസുമായി പങ്കുവെച്ചിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ ആക്രമണങ്ങളെ അപലപിച്ച് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ ഇസ്രയേലിനെതിരായി പ്രതിഷേധം സംഘടിപ്പിച്ച മഹ്‌മൂദ് ഖലീലിനെ ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രഞ്ജനി ശ്രീനിവാസനെ തേടിയും ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ എത്തിയത്. പലസ്തീന്‍ അനുകൂലിയാണെന്നതാണ് ഇന്ത്യക്കാരിയായ ഈ യുവതിക്കുമേല്‍ അമേരിക്കന്‍ ഭരണകൂടം ചാര്‍ത്തിയ കുറ്റം. ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ ഭരണകൂടം, കേവലം സ്റ്റുഡന്റ് വിസയുടെ മാത്രം ബലത്തില്‍ കഴിയുന്ന യുവതിക്കെതിരേ ഏതറ്റംവരെയും പോകുമെന്ന തിരിച്ചറിവാണ് രഞ്ജനിയുടെ ഈ രക്ഷപെടലിന് പിന്നിൽ.

ഒന്നും രണ്ടും തവണ രഞ്ജനിയുടെ വീട്ടുവാതിലില്‍ മുട്ടിയ ഉദ്യോഗസ്ഥര്‍ മൂന്നാംതവണ അറസ്റ്റ് വാറണ്ടുമായാണ് എത്തിയത്. വാതില്‍ തുറന്ന് അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചപ്പോൾ മാത്രമാണ് രഞ്ജനി രാജ്യംവിട്ട വിവരം ഉദ്യോഗസ്ഥര്‍ തിരിച്ചറിയുന്നത്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചെന്നാരോപിച്ച് മാര്‍ച്ച് അഞ്ചിന് വിദേശകാര്യവകുപ്പ് അവരുടെ വിസ റദ്ദാക്കിയിരുന്നു. യുഎസില്‍ തുടരാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് രഞ്ജനി കാനഡയിലേക്ക് കടന്നത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടിയാണ് രഞ്ജനി കൊളംബിയ സര്‍വകലാശാലയില്‍ നഗരാസൂത്രണവിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായി എത്തിയത്. ക്യാംപസില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തുവെന്നാണ് രഞ്ജനിക്കെതിരേയുള്ള ആരോപണം. ഇത് അമേരിക്കയുടെ പലസ്തീന്‍ വിരുദ്ധ നിലപാടിന് നിരക്കാത്ത പ്രവര്‍ത്തനമാണെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം പ്രതിഷേധക്കാര്‍ക്കെതിരേ പ്രതികാര നടപടി ആരംഭിക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിറിയന്‍ വംശജനായ മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കുമെന്നും നാടുകടത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇയാളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ രഞ്ജനിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊളംബിയ സര്‍വകലാശാലയിലേക്കുള്ള അവരുടെ പ്രവേശനവും തടഞ്ഞിരുന്നു. ഇതിന്റെ കാരണം തിരക്കിയപ്പോഴാണ് വിസ റദ്ദാക്കിയ വിവരം രഞ്ജനി അറിയുന്നത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയോ വിശദീകരണം ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ലെന്നാണ് രഞ്ജനി പറയുന്നത്. വിസ റദ്ദാക്കിയതുകൊണ്ടോ സര്‍വകലാശാലയിലെ പ്രവേശനം നിഷേധിച്ചത് കൊണ്ടോ ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികാരം അടങ്ങിയില്ലെന്നതാണ് വസ്തുത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും, അമേരിക്ക ഭീകരസംഘടനയായി പരിഗണിക്കുന്ന ഹമാസിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നും ആരോപിച്ച് രഞ്ജനിയെ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്ന വ്യക്തിയായി ചിത്രീകരിക്കുന്ന പ്രസ്താവനയും ആഭ്യന്തര സുരക്ഷ വിഭാഗം പുറത്തിറക്കി. ഈ യുവതിയുടെ പലായനത്തെ സ്വയം നാടുകടത്തല്‍ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയില്‍ താമസിച്ച് പഠിക്കാന്‍ സാധിക്കുന്നത് സവിശേഷമായ പദവിയാണ്. എന്നാല്‍, നിങ്ങള്‍ അക്രമത്തിനും ഭീകരതയ്ക്കും അനുകൂലമായി നിലപാട് സ്വീകരിച്ചാല്‍ ഈ പദവി നഷ്ടപ്പെടുമെന്നാണ് യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായ ക്രിസ്റ്റി നോം രഞ്ജനിയുടെ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എന്നാല്‍, ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടേയും ആരോപണങ്ങളെല്ലാം തള്ളുകയാണ് രഞ്ജനിയുടെ അഭിഭാഷകര്‍. അവകാശലംഘനമെന്നാണ് ഭരണകൂടത്തിന്റെ നീക്കങ്ങളെ അവര്‍ വിമര്‍ശിച്ചിരിക്കുന്നത്. രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വിസ റദ്ദാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരായ തുടര്‍നടപടിക്കുള്ള ന്യായമായ അവസരം പോലും ഇവിടെ നിഷേധിച്ചിരിക്കുകയാണ്. ഇതിനുപുറമെ, അടിസ്ഥാനരഹിതവും അമേരിക്കന്‍ വിരുദ്ധവുമായ നടപടിയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നാണ് അഭിഭാഷകര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

യു.എസ്. ഭരണകൂടത്തിന്റെ വേട്ടയാടലിന് ആദ്യമായല്ല ഈ യുവതി ഇരയാകുന്നത്. ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് ആദ്യമായി രഞ്ജനിക്കെതിരേ പോലീസ് നടപടിയുണ്ടാകുന്നത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ സര്‍വകലാശാലയിലെ ഹാമിള്‍ട്ടണ്‍ ഹാളില്‍ പ്രതിഷേധം സംഘടിച്ച ദിവസം പ്രധാന കവാടത്തില്‍വെച്ച് രഞ്ജനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ പ്രതിഷേധക്കാരില്‍പ്പെട്ടയാളല്ലെന്നും താമസസ്ഥലത്തേക്ക് പോകുമ്പോള്‍ പ്രതിഷേധക്കാരുടെ ബാരിക്കേഡുകള്‍ക്കിടയില്‍ പെട്ടുപോയതാണെന്നുമാണ് അവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ അവര്‍ തയാറായില്ല. രണ്ടുകേസുകളാണ് അന്ന് എടുത്തത്. എന്നാല്‍, പിന്നീട് കോടതി അത് തള്ളുകയായിരുന്നു.

പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാകുകയോ വിവാദമായ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താല്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അധികാരമുണ്ട്. എന്നാല്‍, ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയില്‍ നടക്കുന്നതുപോലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടി അസ്വാഭാവികമാണ്. മുമ്പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ ഇമിഗ്രേഷന്‍ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്.

പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന വിദ്യാര്‍ഥികളെ നാടുകടത്തുന്നത് ഉള്‍പ്പെടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളെ ചോദ്യ ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് ഭരണകൂടം നടപ്പാക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂത വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇവര്‍ക്ക് നല്‍കിയിരുന്ന 400 മില്ല്യണ്‍ ഡോളറിന്റെ ധനസഹായം ട്രംപ് നിര്‍ത്തലാക്കിയിരുന്നു. വിദ്യാര്‍ഥികളെ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്യുന്ന നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍കിടെക്ട് ആയിരുന്ന രഞ്ജനി 2016-ലാണ് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയിലെത്തുന്നത്. 2020-ലാണ് കൊളംബിയ സര്‍വകലാശാലയില്‍ ചേരുന്നത്. നഗരാസൂത്രണവിഭാഗത്തിലെ ഗവേഷണത്തിന്റെ അഞ്ചാം വര്‍ഷമാണ് ഇത്. ഗാസ യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പ്രതിപാദിക്കുന്ന പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും മാത്രമാണ് ഈ പലസ്തീന്‍ വിഷയത്തില്‍ താന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയിട്ടുള്ള ഇടപെടല്‍ എന്നാണ് രഞ്ജനി പറയുന്നത്.