ലണ്ടന്‍: നരേന്ദ്ര മോഡിയുടെ യുകെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായി. പാര്‍ലമെന്റ് സ്‌കൊയറില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക പ്രതിഷേധകര്‍ നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഇന്ത്യയില്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ജമ്മു കാശ്മീരിലെ കത്വയില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 8 വയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നും പ്രതിഷേധകര്‍ ആവശ്യപ്പെട്ടിരുന്നു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുമായി ഉപയകക്ഷിതല ചര്‍ച്ച നടത്തുന്നതിനായിട്ടാണ് നരേന്ദ്ര മോഡി യുകെയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായും മോഡി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിഷേധകര്‍ ഇന്ത്യന്‍ പതാക നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഗൗരവപൂര്‍ണമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് അതോറിറ്റി അറിയിച്ചതായി മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് അറിയിച്ചു. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ ബ്രിട്ടീഷ് അതോറിറ്റികള്‍ നീക്കം ചെയ്ത പതാക മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ദേശീയ പതാക നീക്കം ചെയ്തത് അങ്ങേയറ്റം മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ ഹാജരാക്കുന്നതിന് വേണ്ട നടപടികള്‍ ബ്രിട്ടണ്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നാല്‍ പതാക നീക്കം ചെയ്യുന്നത് പോലുള്ള നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഷയം അങ്ങേയറ്റം ഖേദകരമാണെന്നും യുകെ ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറഞ്ഞു. ബ്രിട്ടനുമായുള്ള നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയിപ്പോള്‍. ബ്രക്‌സിറ്റിന് ശേഷം 1 ബല്യണ്‍ പൗണ്ടിന്റെ വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹിന്ദു ദേശീയത ജനാതിപത്യ ദര്‍ശനങ്ങളെ നിരാകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതായും ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായും കാസ്റ്റ് വാച്ച് യുകെയുടെ വക്താവ് പ്രതികരിച്ചു. പ്രോ-കാലിസ്ഥാനി പ്രതിഷേധകരും സിഖ് സംഘടനകളും കൂടാതെ ഇന്ത്യയില്‍ നിന്നുള്ള വിവിധ വനിതാ സംഘടനകളും മോഡിക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഹിന്ദു തീവ്രവാദികള്‍ കൊലപ്പെടുത്തിയ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കത്വ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധകരെത്തിയത്.