ഇന്ത്യന്‍ വിശ്വാസപ്രമാണങ്ങള്‍ പ്രകാരമുള്ള ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ ചെരുപ്പ് മുതല്‍ ചവിട്ടി വരെയുള്ള ഇടങ്ങളില്‍ സ്ഥാനം നല്‍കിയ പാശ്ചാത്യരുടെ ഫാഷനുകളെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഒഹിയോയിലുള്ള ഇന്ത്യന്‍-അമേരിക്കന്‍ യുവതി അങ്കിത മിശ്ര ന്യൂയോര്‍ക്കിലെ പബ്ബിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു.
ഹൗസ് ഓഫ് യെസ് എന്നുപേരുള്ള പബ്ബിലെ വിഐപി ബാത്ത്‌റൂമിലെത്തിയപ്പോഴാണ് അങ്കിത ആകെ അമ്പരന്നത്. ഹിന്ദു ദൈവങ്ങളായ ഗണേശനും, സരസ്വതിയും, കാളിയും, ശിവനെയുമെല്ലാമാണ് കക്കൂസിന്റെ ചുമരുകളില്‍ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സ്വയം ഒരു ആര്‍ട്ടിസ്റ്റ് കൂടിയായ അങ്കിത യഥാര്‍ത്ഥത്തില്‍ ഞെട്ടലിലായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ച് അവര്‍ ക്ലബിന് വിശദമായ ഇമെയില്‍ അയച്ചു. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് കോളനിവത്കരണത്തിന്റെ ഭാഗമായി നേരിട്ട ചോദ്യങ്ങള്‍ ദിവസേന നേരിടുന്നതിനാല്‍ ഇതൊരു പുതിയ കാര്യമല്ലെന്ന് അവര്‍ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറുക പോലും ചെയ്യാത്ത ദൈവങ്ങള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കുകയും മറ്റ് ആശങ്കകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടി വരുന്നത് അപമാനമാണെന്ന് അങ്കിത പറഞ്ഞു. അമേരിക്കക്കാര്‍ അനായാസം സ്വായത്തമാക്കുന്ന യോഗ പോലും ആ നാട്ടില്‍ നിന്നാണ് വരുന്നത്. ദീപാവലിക്ക് നാട്ടിലെത്തുമ്പോള്‍ നിങ്ങളുടെ കക്കൂസില്‍ അലങ്കാരമാക്കിയ ദൈവങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് തങ്ങള്‍ ആഘോഷിക്കുന്നത് എന്നുകൂടി ഓര്‍മ്മപ്പെടുത്തിയാണ് അങ്കിത കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ ആ ഇമെയില്‍ മറുപടി കിട്ടാത്ത ഒന്നായി അവസാനിച്ചില്ല. ഹൗസ് ഓഫ് യെസ് സഹസ്ഥാപകന്‍ കെയ് ബുര്‍കെ മറുപടി അയച്ചു.
ദൈവങ്ങളെ ഉപയോഗിച്ചുള്ള ആ ബാത്ത്‌റൂമിന്റെ സൃഷ്ടാവും ഉത്തരവാദിയും താനാണെന്ന് അറിയിച്ച് കൊണ്ടാണ് കെയ് മറുപടി നല്‍കിയത്. മുറി അലങ്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്‌കാരത്തെക്കുറിച്ച് വിശദമായി പഠിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ ശക്തമായ വാക്കുകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഒപ്പം ആ ബാത്ത്‌റൂമിന്റെ ചുമരുകള്‍ ഇടിച്ച് തകര്‍ത്ത് പുതിയ ഡിസൈന്‍ നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. ആവശ്യമെങ്കില്‍ പെയിന്റ് അടിച്ച് മറയ്ക്കാനും തയ്യാറാണ്. അങ്കിതയുടെ വിശദമായ മെയില്‍ രണ്ടുവട്ടം വായിച്ച് പ്രശ്‌നത്തിന്റെ ആഴം മനസ്സിലാക്കിയെന്നും കെയ് അറിയിച്ചു.
Leave a Reply