ഡബ്ലിൻ ∙ ഇന്ത്യക്കാരിയെയും രണ്ടു മക്കളെയും അയർലൻഡ് ബാലന്റീറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്. ബെംഗളൂരുവിൽനിന്നുള്ള സീമ ബാനു (37), മകള്‍ അസ്‌ഫിറ റിസ (11), മകന്‍ ഫൈസാൻ സയീദ് (6) എന്നിവരാണു മരിച്ചത്.

കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടില്ലെന്നും ഉടൻ റിപ്പോർട്ട് കിട്ടുമെന്നും അയർലൻഡ് പൊലീസായ ഗാർഡ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ദുരൂഹം’ എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽനിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാലിന്റീര്‍ എജ്യുക്കേറ്റ് ടുഗെദര്‍ നാഷനല്‍ സ്‌കൂളിലാണു കുട്ടികളെ ചേർത്തിരുന്നത്. ഏതാനും ദിവസമായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്ന അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.