കോവിഡ് പരിശോധനയ്ക്ക് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ച പേപ്പര്‍ സ്ട്രിപ്പ് കോവിഡ് ടെസ്റ്റിങ് കിറ്റ് വിപ്‌ളവം സൃഷ്ടിക്കാനൊരുങ്ങുന്നു. ഏകദേശം 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പര്‍ സ്ട്രിപ്പിന് ഫെലുദ എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചത്. ജീന്‍ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പര്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായ സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കിറ്റിന് പിന്നില്‍.

ലോകത്തിലെ ആദ്യത്തെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റാണ് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതിന് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. സ്വകാര്യ ലാബുകളില്‍ അടക്കം 2,000 ആളുകളില്‍ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തി.

കൂട്ടത്തില്‍ നേരത്തെ തന്നെ കോവിഡ് പോസിറ്റീവായ ആളും ഉള്‍പ്പെട്ടിരുന്നു. ഈ പരീക്ഷണത്തില്‍ ഫെലുദ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലര്‍ത്തുന്നുവെന്നും 96 ശതമാനത്തോളം സംവേദനക്ഷമതയും പുലര്‍ത്തുന്നുവെന്നും തെളിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

പരീക്ഷണത്തില്‍ കോവിഡ് ബാധയുള്ള മിക്കവരെയും ഇതിലൂടെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും ഇവര്‍ പറയുന്നു. തെറ്റായ റിസള്‍ട്ടുകള്‍ ഈ കിറ്റില്‍ അധികം ഉണ്ടാകില്ല. ലളിതവും കൃത്യവുമായ റിസള്‍ട്ട് ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകന്‍ പ്രൊഫ. കെ. വിജയ് രാഘവന്‍ പറഞ്ഞു.