ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ച ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. ഈ മാസം പകുതിയോടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ യുഡിഎഫില്‍ കാര്യമായ തര്‍ക്കങ്ങളില്ല. ഇടുക്കി സീറ്റുമായി വെച്ച് മാറണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകളില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിന് താത്പര്യം. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ക്കും സീറ്റില്‍ താത്പര്യമുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പന്‍ തനിക്ക് മത്സരിക്കാനുള്ള താത്പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.

മുതിര്‍ന്ന നേതാവ് പി.സി.തോമസിനും മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അദ്ദേഹം പരസ്യമായി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ.ജോസഫിനോട് നിര്‍ദേശിച്ചതായും വിവരമുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യങ്ങളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത വര്‍ധിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് നല്‍കുന്നതോടെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകും നടക്കാന്‍ പോകുന്നത്. എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് (എം) ന്റെ സിറ്റിങ് സീറ്റാണിത്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ വീണ്ടും മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് നിന്ന് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. മാറിയും മറഞ്ഞും മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടമാകും നടക്കാനിരിക്കുന്നത്.

ഇടുക്കിയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് വിജയിച്ച ചരിത്രം ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മഞ്ഞക്കടമ്പന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ മഞ്ഞക്കടമ്പന് കാര്യമായ പിന്തുണയില്ലെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം.