വിജയസാധ്യത വിലയിരുത്തി സ്ഥാനാർഥികളെ നിശ്ചയിക്കാൻ 92 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാനൽ തയ്യാറാക്കി. കുണ്ടറ, കരുനാഗപ്പള്ളി, ഹരിപ്പാട്, കോട്ടയം, പറവൂർ മണ്ഡലങ്ങളിലാണ് ഒറ്റപ്പേരുള്ള പാനൽ. ബി.ജെ.പി. ശക്തമായി പിടിക്കാൻ ശ്രമിക്കുന്നതും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുമായ നേമത്ത് ശശി തരൂരിനെ ഇറക്കാനുള്ള സാധ്യതയും സർവേ ചെയ്യുന്നു. തരൂർ ഉൾപ്പെടെ അഞ്ച് എം.പി.മാരുടെ മത്സരസാധ്യതയാണ് പരിശോധിക്കുന്നത്.
നടൻ രമേഷ് പിഷാരടി, മുൻ ഫുട്ബോൾ താരം ഐ.എം. വിജയൻ എന്നിവരെയും സ്ഥാനാർഥിത്വത്തിന് പരിഗണിച്ചിട്ടുണ്ട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫർസിൻ മജീദിന്റെയും വടകര എം.പി. ഷാഫി പറമ്പിലിന്റെയും സാധ്യത പരിശോധിക്കുന്നു. നാദാപുരം പിടിക്കാനായി മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നതിന്റെ ഗുണദോഷങ്ങളും വിലയിരുത്തുന്നു. കെ.എം. അഭിജിത്ത്, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ എന്നിവരുടെ പേരുകളും നാദാപുരത്തും കൊയിലാണ്ടിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസിന് പുറത്തുള്ള പി.വി. അൻവർ, സി.കെ. ജാനു എന്നിവരെയും സർവേയിൽ ഉൾപ്പെടുത്തി. അൻവറിനെ ബേപ്പൂരിലും മുൻ എം.പി. രമ്യാഹരിദാസിനെ ബാലുശ്ശേരിയിലും അടൂരിലും പരിഗണിക്കുന്നു. ഐ.എം. വിജയനെ നാട്ടികയിലും രമേഷ് പിഷാരടിയെ തൃപ്പൂണിത്തുറയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്കിടെ തന്നെ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.











Leave a Reply