കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായേക്കും. മുതിര്‍ന്ന പി.ബി അംഗത്തെ പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതോടെയാണ് എം.എ ബേബിക്ക് സാധ്യത തെളിയുന്നത്. 2012 മുതല്‍ അദേഹം പോളിറ്റ് ബ്യൂറോയിലുണ്ട്.

എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇഎംഎസിന് ശേഷം കേരള ഘടകത്തില്‍ നിന്ന് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തുന്ന വ്യക്തി എന്ന നേട്ടവും അദേഹത്തിന് സ്വന്തമാകും. മലയാളിയായ പ്രകാശ് കാരാട്ട് നേരത്തേ ജനറല്‍ സെക്രട്ടറി ആയിരുന്നെങ്കിലും അദേഹം ഡല്‍ഹി ഘടകത്തെ പ്രതിനിധീകരിച്ചാണ് ഉന്നത പദവിയിലെത്തിയത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ തുടങ്ങാനിരിക്കെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എം.എ ബേബി എന്ന് ഏകദേശ ധാരണ ഉണ്ടായിട്ടുള്ളത്. വൃന്ദ കാരാട്ടിന് പ്രായ പരിധി ഇളവ് നല്‍കി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അധികം പേര്‍ക്ക് പ്രായ പരിധി ഇളവ് നല്‍കുന്നതിനെ പി.ബിയില്‍ തന്നെ പലരും എതിര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രായ പരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം എന്ന നേതൃത്വത്തിന്റെ തിരിച്ചറിവാണ് എം.എ ബേബിയിലേക്ക് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാന്‍ കാരണം. കേരള ഘടകത്തിനും കേന്ദ്രത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും ബേബി സ്വീകാര്യനാണ്. മാത്രമല്ല, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള നേതാവ് എന്നതും അദേഹത്തിന് അനുകൂല ഘടകമാണ്.

ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്‌ലെ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു. എന്നാല്‍ സലീമിന് തല്‍ക്കാലം ബംഗാളില്‍ നില്‍ക്കാനാണ് താല്‍പര്യം.

മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ച് അടക്കം നയിച്ച് പൊതു സ്വീകാര്യത നേടിയ അശോക് ധാവ്‌ലെയോട് പക്ഷേ, പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് താല്‍പര്യമില്ല. ഇത്തരത്തില്‍ പല ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ബേബിക്ക് തന്നെ നറുക്ക് വീഴാനാണ് കൂടുതല്‍ സാധ്യത.