ഇന്തൊനേഷ്യയില്‍ നിന്നും യാത്രക്കാരുമായി കാണാതായ
സിരിവിജയ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തകര്‍ന്നുവീണത്. ബ്ലാക്‌ബോക്‌സില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചതോടെയാണ് വിമാനം തകര്‍ന്നുവീണ സ്ഥലം കണ്ടെത്തിയത്.

വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും നാവികര്‍ കണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറയുന്നു.

കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശനിയാഴ്ച ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ്കലിമന്താനിലെ പോണ്ടിയാനക്കിലേക്കുപോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 1.56-ഓടെ പുറപ്പെട്ട വിമാനത്തിന് 2.40-ഓടെയാണ് എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം തകര്‍ന്നു വീണതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം ഞങ്ങള്‍ കേട്ടു, ബോംബ് സ്ഫോടനമോ സുനാമിയോ പോലെ എന്തോ ആണെന്നാണ് ഞങ്ങള്‍ കരുതിയത്, അതിനുശേഷം വെള്ളത്തില്‍ വലിയ കുലുക്കം അനുഭവപ്പെട്ടു. കനത്ത മഴയായിരുന്നു, കാലാവസ്ഥയും വളരെ മോശം അതിനാല്‍, ചുറ്റുമുള്ളത് വ്യക്തമായി കാണാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ശബ്ദം കേട്ട ഞങ്ങള്‍ ഞെട്ടിപ്പോയി, ചില സാധനങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.’-മത്സ്യത്തൊഴിലാളി പറഞ്ഞു

62 യാത്രക്കാരില്‍ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം 10 പേര്‍ കുട്ടികളാണ്. അപകടവിവരമറിഞ്ഞ് പ്രിയപ്പെട്ടവരെ കുറിച്ചറിയാന്‍ വിമാനത്താവളത്തിലും തുറമുഖത്തുമായി യാത്രക്കാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിരിക്കുകയാണ്.