ഭക്ഷണത്തിൽ എലിവിഷം അടക്കം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യുടെ കൂടുതൽ ചുരുളഴിയുന്നു. കിഴൂരിൽ മകൾ അമ്മയെ സ്വത്തിനായി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.

ഒമ്പത് ലക്ഷത്തോളം ഉള്ള സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. ഇതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയിൽ എലിവിഷം കലർത്തി നൽകിയതെന്നുമാണ് ഇന്ദുലേഖയുടെ മൊഴി. എലിവിഷമാണ് രുഗ്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

 

കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58)കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. പെട്ടെന്ന് തന്നെ ഈ സ്വത്ത് ലഭിക്കാനും കടംവീട്ടാനുമാണ് മകൽ കടുംകൈ ചെയ്തത്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.

വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.

ഇതോടെ ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്ദുലേഖ ഗൂഗിളിൽ തിരഞ്ഞാണ് കൊലപാതകത്തിനുള്ള വഴി കണ്ടെത്തിയത്. വിദ്യാർഥികളായ രണ്ട് മക്കളും ഇവർക്കുണ്ട്.

നാട്ടിലെത്തിയ ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് ഇന്ദുലേഖ അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുഗ്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകുകയും ചെയ്തിരുന്നു. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

എന്നാൽ രുഗ്മിണിയെ ചികിത്സിച്ച തൃശ്ശൂരിലെ ആശുപത്രിയിലെ ഡോക്ടർക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നൽകിയത്. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുഗ്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.

എസിപി ടിഎസ് സിനോജ്, എസ്എച്ച്ഒ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.