ചേർത്തലയിലെ ഒന്നരവയസുകാരി ആദിഷയുടെ മരണം . നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ആദിഷയുടെ മുത്തച്ഛൻ. ‘എപ്പോഴും അവൾ ഇവിടെ ഓടിക്കളിച്ച് ചിരിച്ചൊക്കെ നടക്കും. അന്നു രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..ഞാൻ അപ്പോൾ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞ് എന്റെ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് ഉറക്കാനാണെന്ന് പറഞ്ഞ് അവൾ കുഞ്ഞിനെ എടുത്തു കൊണ്ടുപോയത്. പിന്നെ കേൾക്കുന്നത് കുഞ്ഞ് ആശുപത്രിലാണെന്നാണ്.. എന്താണ് സംഭവിച്ചതെന്ന് അറിയില്ല..മോള്.. ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങിയിരുന്നു… ഇനി അവൾ എന്തു പറയാൻ…’ നെഞ്ച് പിടഞ്ഞ് ആദിഷയുടെ മുത്തച്ഛൻ ബൈജു പറയുന്നു.
എട്ടുമാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നിരുന്നു ഈ കുഞ്ഞിന്. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല.
ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു. ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുകയാണ്.
Leave a Reply