ഗോപിക എസ്
ജീവസ്സറ്റ ജീവവായുമായിതാ
ദാഹാഗ്നി മീതെ തളർന്നു വീഴുന്നു നാം..
കുളിരും നിലാവും കുളിർത്തെന്നലും മാഞ്ഞു
വറുതിയിൽ കത്തിയമർന്നു കാലം..
പിച്ച വച്ചന്നു നാം ഓടിക്കളിച്ചതീ
പെറ്റമ്മ തന്നുടെ കൈവിരലാൽ
എന്നിട്ടുമെന്തിനോ ആ വിരൽത്തുമ്പിലെ
ഒരു നിണബാഷ്പ്പമായ് നാമുരുകീ…
ഇല പൊഴിച്ചാത്മശിഖരങ്ങൾ കാട്ടുന്നു
ഹരിതാഭ നീങ്ങിയ കോമരങ്ങൾ
പൊട്ടിച്ചിരികളാലൊഴുകിയ വഴികളിൽ
കണ്ണുനീർത്തുള്ളികൾ മാത്രമായി..
പാർവണമലിയേണ്ട സന്ധ്യ തൻ ഗദ്ഗദം
പൂവിതൾത്തുമ്പിലൂടാഴ്‌ന്നിറങ്ങീ..
വർണ്ണങ്ങലകലെയായ് മാരിവില്ലകലെയായ്
മായാത്ത ഋതുശോഭയോർമ്മ മാത്രം …
ഇനി വരും കാലമേ നീ തന്നെ നൽകണം
ഹരിതരേണുക്കൾ തൻ നേർത്ത ഗന്ധം
ഇനി വരും കാലമേ നീ തന്നെയേകണം
എവിടെയോ കൈവിട്ടൊരാത്മഹർഷം.., നവ ജീവവർഷം….
ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
Leave a Reply