വ്യാജ ലൈംഗീകാരോപണത്തില്‍ പെട്ട് നട്ടം തിരിഞ്ഞ യുകെ മലയാളിക്ക് ഒടുവില്‍ തുണയായത് നീതിപീഠം. രണ്ട് വര്‍ഷം നീണ്ട് നിന്ന നിയമയുദ്ധത്തിനൊടുവിലാണ് പീഡനക്കേസില്‍ പ്രതിയായി നട്ടം തിരിഞ്ഞ ഇദ്ദേഹത്തിന് കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചത്. സംഭവം നടന്നത് വാറ്റ് ഫോര്‍ഡില്‍ ആണ്. ഇവിടുത്തെ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാരായിരുന്നു വാദിയും പ്രതിയും. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ വാര്‍ഡില്‍ ആയിരുന്നു. 2015 മെയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ഒരുമിച്ച് ജോലിയിലുണ്ടായിരുന്ന ഒരു ദിവസം ഇവിടെ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളി തന്നെയായ പരാതിക്കാരി മേലധികാരികളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്ത ഒരു കംപ്ലൈന്റില്‍ ആണ്  സംഭവങ്ങളുടെ തുടക്കം.

ഒരുമിച്ച് ജോലി ചെയ്തിരുന്ന മലയാളി യുവാവ് തന്‍റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന റിപ്പോര്‍ട്ട് ആണ് ഈ മലയാളി നഴ്സ് മേലധികാരികളുടെ മുന്‍പാകെ രേഖാമൂലം ഉന്നയിച്ചത്. തുടര്‍ന്ന് ഇത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും എന്‍എച്ച്എസ് ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുകയും ചെയ്തു. ആരോപണ വിധേയനായ ആള്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെടുകയും ഉണ്ടായി. പരാതിക്കാരിയും ആരോപണ വിധേയനും മലയാളികള്‍ ആണ് എന്ന നിലയില്‍ ഈ സംഭവം പെട്ടെന്ന്‍ തന്നെ വാറ്റ്ഫോര്‍ഡ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.

യുകെയിലെ മറ്റെല്ലാ സ്ഥലങ്ങളിലും എന്ന പോലെ തന്നെ പരസ്പരം വളരെയധികം സാമൂഹിക ബന്ധങ്ങള്‍ സൂക്ഷിക്കുന്ന മലയാളി സമൂഹം തന്നെ ആയിരുന്നു വാറ്റ്ഫോര്‍ഡിലും ഉള്ളത്. തന്മൂലം ഈ സംഭവം ഇവിടുത്തെ മലയാളി സമൂഹത്തില്‍ പെട്ടെന്ന് ചര്‍ച്ചയാവുകയും ആരോപണ വിധേയനായ വ്യക്തിയും കുടുംബവും സാമൂഹികമായ ഒറ്റപ്പെടലിനും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയനാവുകയും ചെയ്തു. ചുരുക്കം ചില സുഹൃത്തുക്കള്‍ ഒഴികെ ബാക്കിയുള്ള സമൂഹം കുറ്റക്കാരന്‍ എന്ന നിലയില്‍ തന്നെ ഇയാളെ കാണുകയായിരുന്നു.

എന്നാല്‍ താന്‍ നിരപരാധി ആണ് എന്ന് പൂര്‍ണ്ണ ബോദ്ധ്യം ഉള്ളതിനാല്‍ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയോടെ ആരോപണ വിധേയനായ വ്യക്തി കോടതി നടപടികള്‍ മുന്നോട്ടു കൊണ്ട് പോവുകയും തന്‍റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പക്ഷേ കോടതിയിലൂടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെയുള്ള രണ്ട് വര്‍ഷക്കാലം അനുഭവിച്ച മാനസിക പീഡനങ്ങള്‍ ഇദ്ദേഹത്തെ രോഗിയാക്കി തീര്‍ക്കുന്ന അവസ്ഥയില്‍ വരെ കൊണ്ട് ചെന്ന് എത്തിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് മക്കളുടെ പിതാവായിരുന്ന ഈ വ്യക്തിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥ ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. നാല് കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ട ദുഃഖം പേറിക്കൊണ്ടിരുന്ന ഈ കുടുംബത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ വ്യാജ ലൈംഗിക പീഡനക്കേസും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും നല്‍കിയത്.

ഇതേ ആശുപത്രിയില്‍ ഇതേ വിഭാഗത്തില്‍ തന്നെ ജോലി ചെയ്തിരുന്ന ആരോപണ വിധേയനായ വ്യക്തിയുടെ ഭാര്യയ്ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചത് മുതല്‍ ആണ് പരാതിക്കാരിക്ക് ഇവരോട് ശത്രുതാ മനോഭാവം തുടങ്ങിയത് എന്നാണ് ആരോപണത്തിന് ഇരയാകേണ്ടി വന്ന ഇദ്ദേഹം പറയുന്നത്. അന്ന് മുതല്‍ മലയാളി അസോസിയേഷനിലും മറ്റും പല പദവികളും വഹിച്ചിരുന്ന പരാതിക്കാരി ഇവര്‍ക്കെതിരെ പല തരത്തിലുള്ള ഉപദ്രവങ്ങള്‍ തുടങ്ങിയിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ഇതാണ് ഒടുവില്‍ തന്‍റെ ജീവിതത്തെയാകെ മാറ്റി മറിക്കുന്ന രീതിയില്‍ ലൈംഗിക പീഡനക്കേസില്‍ വരെ പ്രതിയാകേണ്ട അവസ്ഥയില്‍ എത്തിച്ചത് എന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്വേഷണ വേളയിലും വിചാരണ വേളയിലും വ്യാജ സാക്ഷികളെ വരെ പരാതിക്കാരി ഹാജരാക്കിയെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. കേസിന്‍റെ വിചാരണ വേളയില്‍  വ്യാജ സാക്ഷികളും നടപടിയില്‍ കുടുങ്ങുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടെ പരാതിക്കാരി ഇവിടുത്തെ ജോലി മതിയാക്കി മറ്റൊരു ലാവണം തേടുകയും ചെയ്തു. വിചാരണയ്ക്കൊടുവില്‍ സത്യം മനസ്സിലാക്കിയ കോടതി യുവാവിനെ ആരോപണങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

തന്‍റെ നിരപരാധിത്വം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഈ സംഭവം മൂലം തനിക്കും കുടുംബത്തിനും സംഭവിച്ച മാനഹാനിക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബം ഇപ്പോള്‍. ഇത് പോലൊരു അവസ്ഥ ശത്രുക്കള്‍ക്ക് പോലും ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഇവര്‍ ഈ രീതിയില്‍ ഇനിയും മറ്റൊരാള്‍ ബുദ്ധിമുട്ടരുത് എന്ന ഉദ്ദേശത്തോടെ നിയമ നടപടികള്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിനായി വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കും എന്ന് ഉറപ്പ് വരുത്തുമെന്നും ഇവര്‍ പറയുന്നു.

ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്രിട്ടീഷ് നീതി ന്യായ വ്യവസ്ഥയുടെ വിജയം കൂടിയാണ് ഈ കോടതി വിധി സാധാരണ ലൈംഗിക പീഡന ആരോപണങ്ങളില്‍ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിച്ച് പുരുഷന്മാര്‍ക്ക് എതിരെ ഉടന്‍ നടപടി ഉണ്ടാകുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ സമൂഹം ഇത്തരം കാര്യങ്ങളില്‍ എത്ര ജാഗ്രതയോടെ ആണ് നീങ്ങുന്നത് എന്നതിന് ഉദാഹരണം കൂടിയാണ് ഈ കേസ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യിക്കുന്നതില്‍ എന്‍എച്ച് എസ് അലംഭാവം കാട്ടി എന്നാരോപിച്ച് പരാതിക്കാരി തന്നെ പോലീസിനെയും സമീപിച്ചത് അമിത ആത്മവിശ്വാസത്തില്‍ ആയിരുന്നു.  പക്ഷേ എന്‍എച്ച്എസിലെ മേലധികാരികളും പോലീസും കേസിനെ ശരിയായ അന്വേഷണ രീതികളിലൂടെ മാത്രം മുന്നോട്ട് കൊണ്ട് പോയതോടെ പരാതിക്കാരിയുടെ നീക്കം ഒരു നിരപരാധിയെ കുടുക്കാന്‍ ആണെന്ന സത്യം പുറത്ത് കൊണ്ട് വന്നു.

ഈ കേസ് സംബന്ധിച്ച രേഖകളും പരാതിക്കാരിയുടെയും വ്യാജ ആരോപണത്തിനു വിധേയനായ വ്യക്തിയുടെയും കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെങ്കിലും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് ഞങ്ങള്‍ അക്കാര്യങ്ങള്‍ പുറത്ത് വിടുന്നില്ല. എങ്കിലും ഇത്തരമ സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെട്ടു കൂടാ എന്ന ആഗ്രഹം ആരോപണ വിധേയനായ വ്യക്തിക്ക് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഉള്ളതിനാല്‍ ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന്‍ തെളിയിക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്നത് ഈ അവസരത്തില്‍ പറയാതിരിക്കുവാന്‍ വയ്യ. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ലൈംഗീക ആരോപണങ്ങള്‍ വ്യക്തികളുടെ മേല്‍ ഉന്നയിക്കുന്ന പ്രവണത എത്ര മാത്രം ആപല്‍ക്കരമാണെന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഓര്‍ക്കുക. തന്‍റെ മകളുടെ മുന്‍പിലെങ്കിലും തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്ന ദൃഡനിശ്ചയമാണ് ഈ കേസില്‍ മുന്നോട്ട് പോയ ഓരോ ഘട്ടത്തിലും  തന്നില്‍ ഉണ്ടായിരുന്നത് എന്ന് പറയുന്ന ഈ പിതാവിന്‍റെ അവസ്ഥ മറ്റൊരു വ്യക്തിക്കും ഉണ്ടാകാതിരിക്കട്ടെ.