ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എപ്‌സം കോളേജ് മേധാവി എമ്മ പാറ്റിസൺന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെടുന്ന ദിവസം, ഭർത്താവിനും മകൾക്കുമൊപ്പം അടുത്ത സുഹൃത്തുകൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് മൂവരും കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. അത്താഴം കഴിഞ്ഞ ഉടനെ തോക്കുമായി എത്തിയ ഭർത്താവ് ജോർജ് ഇരുവർക്കും നേരെ വെടിയുതിർത്തതിന് ശേഷം സ്വയം വെടിവെച്ചു ചാകുകയായിരുന്നു.

അഞ്ച് മാസം മുൻപാണ് പാറ്റിസൺ(45) സ്കൂളിന്റെ ചുമതലയിൽ എത്തിയത്. സ്കൂളിന്റെ ആദ്യ വനിതാ മേധാവി എന്ന നിലയിലും ശ്രദ്ധ നേടിയ പാറ്റിസൺ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. കുഞ്ഞിനൊപ്പം സ്കൂൾ കെട്ടിടത്തിൽ തന്നെയായിരുന്നു പാറ്റിസണിന്റെ താമസം. ഭർത്താവ് കാറ്റർഹാമിൽ കുടുംബവീട്ടിലും. ഞായറാഴ്ച പുലർച്ചെ 1.10ഓടെ സ്‌കൂൾ ഗ്രൗണ്ടിലെ വീട്ടുവളപ്പിൽ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂരമായ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ദമ്പതികൾ സുഹൃത്തുക്കൾക്കായി ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു എന്നുള്ളതാണ് കേസിലെ നിർണായക വഴിതിരിവ്.

ആ സമയത്ത് അസ്വസ്ഥതയുടെയോ ആശങ്കയുടെയോ ഒരു ലക്ഷണവും പാറ്റിസണിന്റെ മുഖത്ത് ഇല്ലായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. ശനിയാഴ്ച നടത്തിയ വിരുന്ന് അവരുടെ അവസാന വിരുന്നായി മാറിയെന്നാണ് കുടുംബ സുഹൃത്ത് പറയുന്നത്. അന്ന് തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും തന്നെ ഉണ്ടായില്ലെന്ന് അയാൾ കൂട്ടിചേർത്തു. അവരുടെ ശരീരഭാഷ പഴയത് പോലെ തന്നെ ആയിരുന്നെന്നും സംശയാസ്പദമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ് വിരുന്നിൽ പങ്കെടുത്തവരുടെ ഭാഷ്യം. ജോർജ് തന്റെ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നുവെന്നാണ് തെളിവുകൾ പറയുന്നതൊന്നും കൊലപാതകത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്നും സറേ പോലീസ് സ്ഥിരീകരിച്ചു.