ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളെ ഏറെ ഞെട്ടിച്ച മരണമായിരുന്നു 16 കാരിയായ എവിലിൻ ചാക്കോയുടേത്. 2020 ജൂലൈ 13 നാണ് ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ചെയ്യാനിരിക്കെ എവിലിൻ ചാക്കോയെ റോയൽ വോൾട്ടൺ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കുടുംബം നടത്തിയ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് അഞ്ചുവർഷത്തിനുശേഷമുള്ള അന്തിമ വിധി വന്നിരിക്കുന്നത്. എവിലിന്റെ മരണത്തെ കുറിച്ചുള്ള ഇൻക്വസ്റ്റ് കഴിഞ്ഞ ആഴ്ച ജനുവരി 20ന് ബോൾട്ടൺ കൊറോണർ കോടതിയിൽ ആരംഭിച്ചു. ഒരാഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് അന്തിമ വിധി ഉണ്ടായത്. മരണസമയം എവിലിന്റെ പ്രായം 16 മാത്രമായിരുന്നുവെന്നും എന്നാൽ കുട്ടികളുടെ വാർഡിൽ പ്രവേശിപ്പിക്കുന്നതിന് പകരം സങ്കീർണ ചികിത്സ ആവശ്യമായ മുതിർന്നവരുടെ വാർഡിൽ പ്രവേശിപ്പിച്ചത് ഉൾപ്പെടെ റോയൽ ബോൾട്ടൺ ഹോസ്പിറ്റൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയെ കുട്ടിയുടെ കുടുംബം ഏർപ്പെടുത്തിയ അഭിഭാഷക സംഘം കോടതിയിൽ എടുത്തു കാട്ടി.
2020 ജൂലൈ ഒന്നിനാണ് ഫാൻവർത്തിലെ സ്വന്തം വീട്ടിൽ പാരസെറ്റമോൾ അമിതമായി കഴിച്ചതിനെ തുടർന്ന് എവിലിൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എവലിന് വേണ്ടത്ര ശ്രദ്ധ അധികൃതർക്ക് നൽകാൻ ആയില്ല എന്ന് അഭിഭാഷക സംഘം വാദിക്കുന്നു. ഇതിനു പുറമേ മുഴുവൻ സമയം നിരീക്ഷണം ആവശ്യമായ പെൺകുട്ടിക്ക് ഒറ്റയ്ക്ക് സിഗരറ്റ് വലിക്കാൻ പുറത്തു പോകാനുള്ള അനുവാദം അധികൃതർ നൽകിയതിനുള്ള എതിർപ്പും സംഘം പ്രകടിപ്പിച്ചു. അമിതമായി പാരസെറ്റമോൾ കഴിച്ചതിന് പിന്നാലെ ആംബുലൻസിൽ കയറുവാൻ എവിലിൻ വിസമ്മതിച്ചെങ്കിലും പിന്നീട് കുടുംബാംഗങ്ങൾ തന്നോടൊപ്പം വരുന്നില്ല എന്ന വ്യവസ്ഥയിലാണ് ആശുപത്രിയിൽ പോയത്. എവിലിനെ വാർഡിൽ പ്രവേശിപ്പിച്ചതിനു ശേഷം കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ആശുപത്രിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് എവിലിന്റെ കുടുംബം പറയുന്നു. എവിലിനെ കടുത്ത മാനസിക പ്രയാസങ്ങൾ നേരിടുന്ന മുതിർന്നവർക്കായുള്ള C2 എന്ന കോംപ്ലക്സ് കെയർ വാർഡിലാണ് അഡ്മിറ്റ് ചെയ്തിരുന്നത്. കുട്ടി ഡിസ്ചാർജ് ചെയ്യുന്നതിന്റെയും തുടർ ചികിത്സയുടെ ഭാഗമായി മാനസികാരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച ചെയ്തതിന് ശേഷം രണ്ടുമണിക്കൂറിനകം ആശുപത്രി പരിസരത്തുള്ള മരക്കൂട്ടം നിറഞ്ഞ പ്രദേശത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
എവലിനെ അഡ്മിറ്റ് ചെയ്തിരുന്ന C2 വാർഡിലെ കൺസൾട്ടന്റുമാരായ ഡോക്ടർ വീ ഹാൻ ലിം, ഡോക്ടർ ജെറാൾഡിൻ ഡോണലി എന്നിവർ കേസിൽ തെളിവുകൾ നൽകിയിരുന്നു. എവിലിൻ മുമ്പ് ആൻറി ഡിപ്രസന്റുകൾ കഴിച്ചിരുന്നെങ്കിലും അഡ്മിറ്റ് ചെയ്യുന്നതിന് ആറുമാസം മുൻപ് മുതൽ മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല. എവിലിനു മുൻപും ശേഷവും വാർഡിൽ ഈ പ്രായപരിധിയിലുള്ള രോഗികളെ അഡ്മിറ്റ് ചെയ്തിട്ടില്ലെന്നും കോംപ്ലക്സ് കെയർ വാർഡിൽ എവിലിൻ കഴിയുന്നതിനെ പറ്റിയുള്ള ആശങ്കകൾ താൻ പ്രകടിപ്പിച്ചതാണെന്നും ഡോക്ടർ ഡോണലി പറഞ്ഞു.
13 വയസ്സ് മാത്രമായിരിക്കുമ്പോൾ ഓവർഡോസ് മരുന്ന് കഴിച്ചതിനെ തുടർന്ന് എവിലിൻ ചികിത്സ നേടിയിട്ടുണ്ട് എന്ന വാദം കോടതിയിൽ എത്തിയിരുന്നു. ഇത്തരത്തിൽ പലവട്ടം ആശുപത്രിയിൽ എവിലിനെ പ്രവേശിപ്പിച്ചിരുന്നു എന്ന രേഖകളും ആശുപത്രി അധികൃതർ നിരത്തി. എന്നാൽ ഇതൊക്കെ ആശുപത്രി അധികൃതർക്ക് സംഭവിച്ച പിഴവുകൾക്ക് പരിഹാരം ആകുമോ എന്ന കുടുംബത്തിൻറെ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. വീട്ടിൽ തനിക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ എവിലിൻ തനിക്ക് സ്വന്തമായി ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഒരുക്കിയ സൗകര്യം കുട്ടിക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല എന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിക്ക് തെറ്റായ വാർഡ് ലഭിച്ചതും വീടിനു പകരം പോകേണ്ട മറ്റൊരു താമസസ്ഥലം കണ്ടെത്താൻ വൈകിയതും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണെന്ന് കൊറോണർ കോടതി വ്യക്തമാക്കി. എവിലിൻ മരിക്കുന്നതിന് തലേദിവസം ജീവൻ ഒടുക്കാൻ ശ്രമം നടത്തിയതായി സഹപ്രവർത്തകർ വഴി അറിഞ്ഞിരുന്നുവെന്ന് ഒരു നേഴ്സ് കൊറോണർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് 1.49 ഹോസ്പിറ്റൽ വാർഡിൽ നിന്നും പുറത്തു കടന്ന എവിലിനെ മൂന്നരയോടെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Leave a Reply