എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കെ, അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. നവീനിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇൻക്വസ്റ്റ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒക്ടോബർ 15ന് രാവിലെ കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് സംഭവത്തിൽ വഴിത്തിരിവാകാവുന്ന പരാമർശം. എന്നാൽ എഫ്.ഐ.ആറിലും ഹൈക്കോടതിയിൽ ഹാജരാക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യമില്ല. ചാരനിറത്തിലുള്ള അടിവസ്ത്രമാണ് നവീൻ ധരിച്ചിരുന്നത്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇൻക്വസ്റ്റ് നടക്കുമ്പോൾ ബന്ധുക്കൾ സ്ഥലത്തില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്തിയില്ല. രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.
പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബന്ധുക്കൾ കണ്ണൂർ പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിളിച്ചപ്പോഴാണ് ഇൻക്വസ്റ്റ് കഴിഞ്ഞവിവരം അറിയുന്നത്. മൃതദേഹ പരിശോധന പരിയാരം മെഡിക്കൽ കോളേജിൽ നടത്തുന്നതിൽ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കൾ കമ്മിഷണറോട് ആവശ്യപ്പെട്ടു. കളക്ടർ അരുണിനെ വിളിച്ചപ്പോൾ ഒന്നും പേടിക്കാനില്ലെന്നും പൊലീസ് സർജ്ജനാണ് നേതൃത്വം നൽകുന്നതെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്.
രക്തസാന്നിദ്ധ്യം എഫ്.ഐ.ആറിലോ പോസ്റ്റുമോർട്ടം റിപ്പോർട്ടിലോ പരാമർശിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് റിപ്പോർട്ട് സർജ്ജന് പൊലീസ് നൽകിയില്ലെന്ന സംശയമുണ്ട്. ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ പിന്നെങ്ങനെ അടിവസ്ത്രത്തിൽ രക്തക്കറ വരും. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കിയില്ലേ. രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ടെന്നാണെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, തൂങ്ങിമരണം തന്നെയാണെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പൊലീസ് വാദം.
വെറും 0.5 സെന്റിമീറ്റർ വ്യാസമുള്ള പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയാണ് അത്മഹത്യയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടോ എന്നും റിപ്പോർട്ടിൽ സൂചനയില്ല. അതേസമയം, നവീൻ ബാബുവിന്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പറയുന്നു. തലയോട്ടിക്കോ വാരിയെല്ലുകൾക്കോ ക്ഷതമില്ല. ഇടത് ശ്വാസകോശത്തിന്റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തയോട് ചേർന്ന നിലയിലാണ്. പേശികൾ, പ്രധാന രക്തക്കുഴലുകൾ, തരുണാസ്ഥി, കശേരുക്കൾ, സുഷുമ്നാ നാഡി എന്നിവയ്ക്കും പരിക്കില്ല. നാവ് കടിച്ചിരുന്നു. ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല.
Leave a Reply