ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിലെമ്പാടും ലോക് ഡൗൺ  പ്രഖ്യാപിച്ചതോടുകൂടി തെരുവുകളെല്ലാം തികച്ചും വിജനമാണ്. വളരെ അനുസരണശീലമുള്ള യുകെയിലെ ജനങ്ങൾ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സമ്മറിന്റെ ആരംഭം ആയതിനാൽ കുട്ടികളൊക്കെ സാധാരണഗതിയിൽ അവധിദിവസങ്ങളിൽ കളിക്കാനായിട്ട് തെരുവുകളിൽ ഇറങ്ങാറുണ്ട് . പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളൊക്കെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. പൊതുവേ പറഞ്ഞാൽ ഭയപ്പെടുത്തുന്ന ഒരു നിശബ്ദതയാണ് തെരുവുകളിൽ ഉള്ളത്. പ്രധാന നിരത്തുകളിലാണെങ്കിലും വാഹന ഗതാഗതം തീർത്തും ഒറ്റപ്പെട്ടതാണ്.

യു കെ മലയാളികളെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഭൂരിഭാഗംപേരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ അവർക്ക് ജോലിക്കുപോയേ തീരൂ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാനായി അർഹതയുണ്ടെങ്കിലും ഭൂരിഭാഗം മലയാളികളും കുട്ടികളെ സ്കൂളുകളിൽ വിടുന്നില്ല എന്നുള്ള തീരുമാനത്തിലാണ് . ഇത് യുകെയിലെ പ്രവാസി മലയാളികളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാരണം ജോലിക്ക് പോകുമ്പോൾ കുട്ടികളെ സംരക്ഷിക്കുന്നതിനായിട്ട് എന്തുചെയ്യണമെന്ന ആലോചനയിലാണ് മലയാളികളിൽ പലരും. സ്കൂളിൽ അയച്ചു കഴിഞ്ഞാൽ അവിടെനിന്ന് കൊറോണ വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടോ എന്ന ആശങ്ക കാരണമാണ് മലയാളികളിലെ ഭൂരിഭാഗം പേരും കുട്ടികളെ സ്കൂളിൽ അയക്കാത്തത്. കൂടാതെ തീർത്തും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കുട്ടികളെ സ്കൂളുകളിൽ അയക്കാവുള്ളൂ എന്ന് സ്കൂളുകളിൽനിന്ന് തന്നെ പലർക്കും നിർദ്ദേശം കിട്ടുകയും ചെയ്തു. ഇതിനുപുറമെ ഭൂരിഭാഗം മലയാളികളും അവരുടെ ജോലി സ്ഥലങ്ങളിൽ കൊറോണ രോഗികളുമായിട്ടാണ് ഇടപഴകേണ്ടി വരുന്നത്. ഇത് പലരിലും മാനസിക പരമായിട്ടുള്ള സ്ട്രെസ്സിനു കാരണമായി തീരുന്നുണ്ട്.

മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ മറ്റു പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവാരത്തിലും ആവശ്യത്തിലും വളരെ പിന്നിൽ നിൽക്കുന്നതാണ്. ഇതു കാരണം മലയാളികൾ ഉൾപ്പെടെ ആരോഗ്യരംഗത്തെ ജോലിചെയ്യുന്നവർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്. ഈയൊരു അനിശ്ചിതത്വം ആശങ്കയും തന്നെയാണ് യുകെയിലെ ഭൂരിഭാഗം വരുന്ന മലയാളി കുടുംബങ്ങളിലും നിലനിൽക്കുന്ന ഏറ്റവും വലിയ അരക്ഷിതാവസ്ഥയും.

യുകെ മൊത്തത്തിൽ ലോക് ഡൗൺ ആയപ്പോൾ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച കമ്മ്യൂണിറ്റികളിൽ ഒന്നാണ് മലയാളി സമൂഹത്തിന്റേത്. കാരണം വളരെയധികം മലയാളി കുടുംബങ്ങളിൽ ഒരാളെങ്കിലും ടാക്സി സർവീസ് പോലുള്ള സ്വയം തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് എന്നുള്ളതാണ്. ഗവൺമെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ പരിമിതമാണ്. ഇത് പല മലയാളി കുടുംബങ്ങളെയും അവരെ ഡിപ്പെൻഡ് ചെയ്ത് ഇന്ത്യയിൽ ജീവിക്കുന്ന അവരുടെ ബന്ധുക്കളെയും സാരമായി ബാധിക്കുന്നതാണ്.