ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഏറ്റവും കഠിനമായ ഒരു ശൈത്യകാലത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുകയാണ് എൻഎച്ച്എസ്. ഒരു വശത്ത് കോവിഡ് കേസുകൾ ഉയരുമ്പോഴും വാക്സിൻ പ്രതിരോധം ഉയർത്തിപിടിച്ച് ഭയപ്പെടേണ്ടതില്ലെന്ന് അധികാരികൾ പറയുന്നു. എൻഎച്ച്എസ്‌ ഇപ്പോൾ അമിത സമ്മർദ്ദം നേരിടുന്നില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉൾപ്പെടെയുള്ള മന്ത്രിമാർ പറഞ്ഞിട്ടുണ്ട്. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം അടുത്തിരിക്കുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ആയിരം എത്തിയിരിക്കുന്നു. വീണ്ടുമൊരു ക്രിസ്മസ് ലോക്ക്ഡൗൺ ഉണ്ടാകാതിരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ പ്രതിദിനം കേസുകളിൽ ഉണ്ടാവുന്ന ഉയർച്ച വലിയ ആശങ്ക ഉളവാക്കുന്നുണ്ട്.

ഗുരുതരമായ ഒരു പ്രശ്നത്തിലേക്കാണ് രാജ്യം അടുക്കുന്നതെന്ന് ഗവൺമെന്റിന്റെ കോവിഡ് മോഡലിംഗ് കമ്മിറ്റി ചെയർ പ്രൊഫസർ ഗ്രഹാം മെഡ്‌ലി മുന്നറിയിപ്പ് നൽകി. വരുന്ന മാസങ്ങളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണവും ഉയരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എസ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറ്റവും കഠിനമായ ശൈത്യകാലമായിരിക്കും വരുന്നതെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിനും മുന്നറിയിപ്പ് നൽകിയിരുന്നു. നേഴ്‌സുമാരുടെ ക്ഷാമവും ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.

വേനൽക്കാലം മുഴുവൻ രാജ്യം പ്രതീക്ഷിച്ചതുപോലെ കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനങ്ങളുടെയും നിരക്ക് കുറവായിരുന്നു. എന്നാൽ ആദ്യം വാക്സിൻ സ്വീകരിച്ച വിഭാഗങ്ങൾക്കിടയിൽ പ്രതിരോധശേഷി കുറയുന്നുവെന്ന വസ്തുത ഇപ്പോൾ മന്ത്രിമാരെ വല്ലാതെ അലട്ടുന്നുണ്ട്. വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തെ തടയാനായി ഒരു ‘പ്ലാൻ ബി’ തയ്യാറാക്കാൻ സേജ് ശാസ്ത്രജ്ഞർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാത്രി 160 ലധികം രോഗികളാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ നിറഞ്ഞത്. പ്രതിവാര ആശുപത്രി പ്രവേശനം ഇപ്പോൾ ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡിനെ കൂടാതെ എൻഎച്ച്എസ് ഇതിനകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ കൂട്ടത്തിലേയ്ക്കാണ് ഇതുമെത്തുന്നത്.