ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഓഗസ്റ്റ് മാസത്തിൽ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയിൽ ചെറിയതോതിൽ വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിൽ, പലിശ നിരക്കുകൾക്ക് മാറ്റമില്ലാതെ തന്നെ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജൂലൈ മാസത്തിൽ സാമ്പത്തിക രംഗത്ത് ഉണ്ടായ ക്രമാതീതമായ ഇടിവിനു ശേഷം, ഓഗസ്റ്റിൽ സമ്പദ് വ്യവസ്ഥ 0.2 ശതമാനം എന്ന നേരിയ വളർച്ച രേഖപ്പെടുത്തിയത് ആശ്വാസകരമായിരിക്കുകയാണ്. പണപ്പെരുപ്പം ചെറുതായി കുറഞ്ഞ സാഹചര്യത്തിൽ, സെപ്റ്റംബറിൽ പലിശ നിരക്കുകൾ 5.25 ശതമാനം എന്ന നിലയിൽ തന്നെ തുടരുകയായിരുന്നു. 14 തവണ വർദ്ധനവിന് ശേഷമാണ് ഇത്തരത്തിൽ സെപ്റ്റംബറിൽ പലിശ നിരക്കുകൾ ഒരേ രീതിയിൽ തന്നെ തുടർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടൻ നിലവിൽ സാമ്പത്തിക മാന്ദ്യത്തിൽ അല്ലെങ്കിലും, ചെറിയതോതിൽ മാത്രമുള്ള വളർച്ച നിരക്ക് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. അടുത്തവർഷം പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ സാമ്പത്തിക രംഗം ഒരു പ്രധാന ചർച്ച വിഷയമായി മാറുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സെപ്റ്റംബറിൽ നടത്തിയ പ്രസ്താവനയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, ഉയർന്ന നിരക്കുകൾ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാൻ തുടങ്ങുന്നതിന്റെ വർദ്ധിച്ചുവരുന്ന സൂചനകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ രീതിയിലുള്ള ചെറിയതോതിൽ ഉള്ള വളർച്ച മാത്രമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാകുന്നതെങ്കിൽ, ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് നിർണ്ണയ സമിതിയിലെ അംഗമായ ഡോ. സ്വാതി ധിംഗ്ര ബിബിസിയോട് പറഞ്ഞു.


വിദ്യാഭ്യാസ മേഖല പണിമുടക്കിൽ നിന്ന് കരകയറിയതും, കമ്പ്യൂട്ടർ പ്രോഗ്രാമർമാരിൽ നിന്നും എഞ്ചിനീയർമാരിൽ നിന്നുമുള്ള ഉത്തേജനവുമാണ് ഓഗസ്റ്റിലെ നാമമാത്രമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്. എന്നാൽ കല, വിനോദം തുടങ്ങിയ മേഖലകളിൽ മോശം പ്രവർത്തനമാണ് ഓഗസ്റ്റ് മാസത്തിൽ ഉണ്ടായത്. സ്‌പോർട്‌സും അമ്യൂസ്‌മെന്റ് പ്രവർത്തനങ്ങളും ഓഗസ്റ്റിൽ 10 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തമായതായി ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നതായി ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. എന്നാൽ കൺസെർവേറ്റീവ് ഭരണത്തിൻ കീഴിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർന്നതായി ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് കുറ്റപ്പെടുത്തി.