ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ പലിശനിരക്ക് അടുത്ത വേനൽക്കാലത്തോടെ 4.75 ശതമാനത്തിലേക്ക് ഉയരുമെന്ന പ്രവചനം അതിരു കടന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു . നിലവിലെ 3.75 ശതമാനത്തിൽനിന്ന് അടുത്ത വർഷം ജൂലൈയോടെ പലിശനിരക്ക് 4.75 ശതമാനത്തിലേക്കും 2027 അവസാനത്തോടെ അഞ്ച് ശതമാനത്തിലേക്കും ഉയരുമെന്നാണ് വിപണികളുടെ വിലയിരുത്തൽ. എന്നാൽ, ഊർജവില വർധന മറ്റു ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ വലിയ വർധനവിന് കാരണമാകുന്നതിന്റെ വ്യക്തമായ സൂചനകളില്ലാത്തതിനാൽ ഇത്രയും വലിയ വർധന ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെതർലൻഡ്സ് ആസ്ഥാനമായ ഐഎൻജി ബാങ്കിലെ സാമ്പത്തിക വിദഗ്ധൻ ജെയിംസ് സ്മിത്ത് ഉൾപ്പെടെയുള്ളവർ വിപണിയുടെ പ്രവചനങ്ങളോട് വിയോജിച്ചു. അടുത്ത വസന്തകാലത്തോടെ പണപ്പെരുപ്പ ഭീഷണി നിയന്ത്രണവിധേയമാകുന്ന സൂചനകൾ ലഭിച്ചേക്കാമെന്നും അടുത്ത വർഷം അവസാനത്തോടെ പലിശനിരക്ക് കുറയ്ക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം വിലയിരുത്തി. ഡോയിച്ചെ ബാങ്കിന്റെ യുകെ ചീഫ് സാമ്പത്തിക വിദഗ്ധൻ സഞ്ജയ് രാജയും പലിശനിരക്ക് അഞ്ച് ശതമാനത്തിലെത്തുമെന്ന പ്രവചനം നിലവിലെ സാഹചര്യത്തിൽ അത്ര സാധ്യതയുള്ളതല്ലെന്ന് അഭിപ്രായപ്പെട്ടു. വിപണിയിലെ അനിശ്ചിതത്വം കാരണം നിക്ഷേപകർ ആവശ്യപ്പെടുന്ന അധിക നേട്ടവും പലിശവർധന സംബന്ധിച്ച പ്രവചനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, പണപ്പെരുപ്പം ലക്ഷ്യമായ രണ്ട് ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നവംബർ അഞ്ചിന് നടക്കുന്ന യോഗത്തിൽ പലിശനിരക്ക് നാല് ശതമാനമായി ഉയർത്തിയേക്കുമെന്നാണ് പൊതുവായ പ്രതീക്ഷ. സെപ്റ്റംബറിൽ ബ്രിട്ടനിലെ പണപ്പെരുപ്പം 3.5 ശതമാനമായി ഉയർന്നിരുന്നു. അടുത്ത ഫെബ്രുവരിയിലും 0.25 ശതമാനത്തിന്റെ വർധനയുണ്ടായി പലിശനിരക്ക് 4.25 ശതമാനത്തിലെത്തിയേക്കാമെന്നാണ് ഡോയിച്ചെ ബാങ്കിന്റെയും ഓക്സ്ഫഡ് ഇക്കണോമിക്സിന്റെയും പ്രവചനം. തുടർന്ന് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനാണ് സാധ്യതയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഊർജവില വീണ്ടും ഉയരുകയോ ദേശീയ മിനിമം വേതനത്തിൽ പ്രതീക്ഷിച്ചതിലും വലിയ വർധനയുണ്ടാകുകയോ ചെയ്താൽ പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കൂടുതൽ സമ്മർദമുണ്ടാകാം.