ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ പലിശ നിരക്കുകൾ വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിലക്കയറ്റം നിയന്ത്രണവിധേയമാവുകയാണെങ്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഇനിയും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കഴിഞ്ഞ ആഗസ്റ്റിൽ ബാങ്ക് പലിശ നിരക്ക് 5.25 ൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. നീണ്ട നാലു വർഷ കാലയളവിൽ ആദ്യമായാണ് ബാങ്ക് പലിശ നിരക്ക് കുറച്ചത്.എന്നിരുന്നാലും മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ വിലക്കയറ്റത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക സാമ്പത്തിക വിദഗ്ധർക്കുണ്ട്. ഇസ്രായേലും ഇറാനുമായുള്ള സംഘർഷം കനക്കുകയാണെങ്കിൽ അത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ ഗണ്യമായി സ്വാധീനിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലായി പലിശ നിരക്ക് നിർണ്ണയിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അവലോകന യോഗങ്ങൾ നടക്കും. പണപ്പെരുപ്പം ബാങ്കിൻറെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിന് അടുത്തെത്തിയതാണ് പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നിരുന്നാലും യുദ്ധ ഭീതിയാണ് ബാങ്കിൻറെ തീരുമാനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം. വിതരണം തടസ്സപ്പെടുമെന്ന ആശങ്കയെ തുടർന്ന് ഈ ആഴ്ച എണ്ണവില ബാരലിന് 76 ഡോളറിന് മുകളിൽ ഉയർന്നിരുന്നു .
 
	 
		

 
      
      



 
               
               
              




 
            
Leave a Reply