ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

എയര്‍ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തില്‍ പങ്കാളിയായി യുകെ മലയാളികളുടെ അഭിമാനമായി മാറിയ കേംബ്രിഡ്ജിലെ മലയാളി നേഴ്‌സായ പ്രതിഭ കേശവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്‌ത്‌ വരികെയാണ് പ്രതിഭയുടെ അപ്രതീക്ഷിത മരണം. മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കേരളത്തിൽ കുമരകം സ്വദേശിയാണ് പ്രതിഭ.

ബന്ധങ്ങൾക്ക് എന്നും വലിയൊരു സ്ഥാനം നൽകിയിരുന്ന പ്രതിഭ യുകെ മലയാളികൾക്ക് സുപരിചിതയായിരുന്നു. അതുകൊണ്ട് തന്നെ പ്രതിഭയുടെ അപ്രതീക്ഷിത മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. രണ്ടു വർഷം മുൻപ് പ്രതിഭ നാട്ടിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് സഹായിച്ചത് വൻ ജനശ്രദ്ധ നേടിയിരുന്നു. 2021 ഒക്ടോബര്‍ 5 -നായിരുന്നു സംഭവം. ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തിലാണ് സംഭവം നടന്നത്. അന്ന് മരിയയ്ക്ക് ഏഴാം മാസമായിരുന്നു.

എന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ക്യാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നേഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്‌സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.

വിമാനത്തില്‍ താല്‍ക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. അമ്മയ്ക്കും കുഞ്ഞിനും അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായതിനാല്‍ വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി. അവിടെ ഏഴാഴ്ചയോളം കഴിഞ്ഞതിനു ശേഷമാണ് അമ്മയും കുഞ്ഞും തിരികെ നാട്ടിലേക്ക് മടങ്ങിയത്. എങ്കിലും അടിയന്തിര വൈദ്യസഹായം നല്‍കിയ പ്രതിഭ അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് കൊച്ചിയിലെത്തിയപ്പോള്‍ അഭിനന്ദന പ്രവാഹമായിരുന്നു.

നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി ജനശ്രദ്ധ നേടിയിട്ടുള്ള പ്രതിഭയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കുമരകം കദളിക്കാട്ടുമാലിയില്‍ റിട്ടയേര്‍ഡ് അധ്യാപകനായ കെ. കേശവനാണ് പരേതയുടെ പിതാവ് . കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

പ്രതിഭ കേശവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.