മംഗളം ചാനൽ നടത്തിയത് അധാർമിക പ്രവർത്തനം ആണെന്ന് ആരോപിച്ച് ചാനലിലെ ജീവനക്കാരി രാജിവച്ചു. ചാനലിലെ സബ് എഡിറ്ററായ അൽ നീമ അഷ്റഫാണ് രാജിവച്ചത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. ചാനൽ തുടങ്ങുന്നതിനു മുൻപ് ബ്രേക്കിങ് വാർത്തകൾ കണ്ടെത്താൻ അഞ്ചംഗ ഇൻവെസ്റ്റിഗേഷൻ സംഘത്തെ നിയോഗിച്ചിരുന്നുവെന്നും, ഈ സംഘമാണ് എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണം പുറത്ത് വിട്ടതെന്നും തനിക്ക് സംശയമുളളതായി അൽ നീമ അഷ്റഫ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആ പരാതിക്കാരിയായ സ്ത്രീ? എന്ത് പരാതി പറയാനാണ് മന്ത്രിയെ സമീപിച്ചത്? ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മംഗളം ഈ വാർത്ത പുറത്തുവിട്ടതോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാകുകയും അപമാനിതരാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്. ഇത് സങ്കടകരമാണെന്നും അതിനാൽ രാജിവയ്ക്കുകയാണെന്നുമാണ് അൽ നീമ പറയുന്നത്.
അൽ നീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു. ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.
മന്ത്രി എ.കെ ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് ട്രാൻസ്‌പോർട് മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.
ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.
ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ ജേർണലിസം ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.