ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

കൊച്ചിയിൽ കായലോരത്തെ ഫ്ലാറ്റിൽ നജീബിലേക്കുള്ള പരിണാമത്തിലാണു പൃഥ്വിരാജ്. കർശനമായ ഭക്ഷണനിയന്ത്രണം, വർക്ക് ഔട്ട്. ശരീരഭാരം 10 കിലോഗ്രാമോളം കുറച്ചു. താടി വളർന്നുതിങ്ങി. ബെന്യാമിന്റെ ‘ആടുജീവിത’ത്തിലെ നായകൻ നജീബ്… 3 മാസം സിനിമയിൽനിന്ന് അവധിയെടുക്കുന്നുവെന്നു സമൂഹമാധ്യമത്തിലൂടെ താരം വെളിപ്പെടുത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രം. കാരണങ്ങൾ രണ്ടാണ്. വീട്ടിൽ തനിക്കായി കാത്തിരിക്കുന്ന 2 ‘സ്ത്രീകൾ’, അവരുടെ സന്തോഷം. ഒപ്പം, സഹനത്തിന്റെ മരുഭൂവിൽനിന്ന് അനുഭവങ്ങളുടെ തീച്ചൂട് പ്രേക്ഷകരിലേക്കു പകരാൻ കാത്തിരിക്കുന്ന നജീബ്.

110 ചിത്രങ്ങൾ പിന്നിടുന്ന അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തിനായി 100 ശതമാനം സ്വയം സമർപ്പിക്കുകയാണ് പൃഥ്വി. ആടുജീവിതത്തിൽ പൃഥ്വിരാജ് വേണ്ട, വേണ്ടതു നജീബ് മാത്രം എന്ന ദൃഢനിശ്ചയം.

ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ

∙ആരാധകരുടെ കല്ലേറും ഏറെ ഏറ്റുവാങ്ങിയ ആളാണ്?

സമൂഹ മാധ്യമങ്ങളുടെ വളർച്ചയാണ് ഇതിന്റെ പ്രധാന കാരണം. ഒരു സെലിബ്രിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ പോയി കമന്റിട്ടാൽ മുഖത്തു നോക്കി ചീത്ത വിളിക്കുന്ന സുഖം കിട്ടും. കൂടുതൽ പേരിലേക്ക് ഇതു നിമിഷങ്ങൾക്കുള്ളിൽ എത്തും. സമൂഹമാധ്യമത്തിലൂടെയുള്ള വിമർശനം ഒരു ആൾക്കൂട്ടക്കല്ലെറിയലായി പരിണമിക്കാൻ നിമിഷങ്ങൾ മതി. അവരോടു മറുപടി നൽകി നമ്മളെ ന്യായീകരിക്കാൻ അവസരമില്ല. മുൻപ് വിരാട് കോഹ്ലി പറഞ്ഞിട്ടുണ്ട്, സമൂഹമാധ്യമത്തിലെ കമന്റുകൾ വായിക്കാറില്ല എന്ന്. ചില സാഹചര്യങ്ങളിൽ ഇതു ഗുണം ചെയ്യും. നമ്മളെ കല്ലെറിയാൻ ഡിജിറ്റൽ ലോകത്ത് ഒരു ആൾക്കൂട്ടം രൂപപ്പെട്ടു കഴിഞ്ഞാൽ പൂർണമായും വിട്ടുനിൽക്കുകയാണ് ഉചിതം. എന്റെ അനുഭവം അതാണു പഠിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ എന്നെ കല്ലെറിയാനെത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ വെറുതെ സമയം പാഴാക്കുകയാണ്!

 

∙ഏറെ ആരാധകരുള്ള പൃഥ്വരാജിന്റെ ആരാധന ആരോടാണ്?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യമായി തോന്നിയതു സച്ചിനോടാണ്. എന്റെ തലമുറയിലുള്ള ക്രിക്കറ്റ് കണ്ടു വളർന്ന എല്ലാവർക്കും അങ്ങനെയാകും എന്നു തോന്നുന്നു. അബ്ദുൽഖാദറിനെ 3 സിക്സ് പറത്തിയ കൗമാരക്കാരന്റെ ഫാന്‍ ആയതാണു ഞാൻ. അതു വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരാധനയായിരുന്നില്ല. പിന്നീട് ഒട്ടേറെ തവണ സച്ചിനുമായി സംസാരിച്ചിട്ടുണ്ട്. ഒരുമിച്ചിരുന്നു ക്രിക്കറ്റ് കളി കാണാനും അവസരം കിട്ടി. എന്നാൽ, ഇപ്പോഴും നേരിട്ടു കാണുമ്പോൾ ആരാധനയ്ക്ക് കുറവൊട്ടുമില്ല. ടിവിയിൽ സച്ചിന്റെ ഒരു ഇന്നിങ്സ് കാണിച്ചാൽ ഇന്നും ഞാനിരുന്നു കാണും. അഭിനേതാവായ ശേഷം മമ്മൂക്കയോടും ലാലേട്ടനോടും കടുത്ത ആരാധനയുണ്ട്.

 

∙കുറച്ചു കാലമായി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുരാജാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം?

എല്ലാ നടൻമാരും ആഗ്രഹിക്കുന്നതാണ് അത്തരമൊരു മാറ്റം. മുതിർന്ന നടൻമാരിൽ നമ്മെ അങ്ങനെ അതിശയിപ്പിച്ചിട്ടുള്ളവരാണു സിദ്ദിഖ് ചേട്ടനും സലിമേട്ടനുമൊക്കെ(നടൻ സിദ്ദിഖും സലിംകുമാറും). അഭിനയത്തിന്റെ പുതിയ മേഖലകൾ തേടാനുള്ള അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമാണ് അത്തരം നടൻമാരെ സൃഷ്ടിക്കുന്നത്. വർഷങ്ങൾക്കു മുൻപ്, താന്തോന്നിയുടെ ഷൂട്ടിങ് സമയത്തെന്നാണ് ഓർമ, സുരാജ് ചോദിച്ചു. ‘‘ എടാ എനിക്കൊരു വില്ലൻ വേഷം ചെയ്യണം, അങ്ങനെ ഒരവസരം തരുമോ?’’ അന്നു സുരാജ് മലയാളത്തിലെ തിരക്കേറിയ കൊമേഡിയനാണ്. അടിസ്ഥാനപരമായി ആ ആഗ്രഹത്തിന്റെ ശക്തിയാണു സുരാജിന്റെ മികച്ച പ്രകടനം. ഡ്രൈവിങ് ലൈസൻസിന്റെ കഥ കേട്ടപ്പോൾ ആരാധകന്റെ റോളിൽ ആദ്യം മനസ്സിൽ തോന്നിയതു സുരാജിന്റെ മുഖം തന്നെയാണ്.

∙‘എമ്പുരാൻ’ എന്നത്തേക്കു കാണാനാകും?

ഈ ചോദ്യം ആദ്യം ചോദിക്കേണ്ടതു മുരളി ഗോപിയോടാണ്. മുരളി എനിക്ക് ബൗണ്ട് സ്ക്രിപ്റ്റ് എന്നു തരുന്നോ, ആ തീയതിയിൽനിന്ന് ആറാം മാസം ഞാൻ ഷൂട്ട് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പൂർത്തിയാക്കിയ സിനിമയാണു ലൂസിഫർ. പൂർണമായ സ്ക്രിപ്റ്റ്, പ്രീപ്രൊഡക്‌ഷനായി 4 മാസത്തോളം സമയം, പിന്നെ ടീമിന്റെ സഹകരണം. ഇവയെല്ലാമാണ് അതിനു സഹായിച്ചത്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം നടക്കേണ്ടതു ഷൂട്ടിങ് ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലൂസിഫറിനേക്കാൾ കുറെക്കൂടി പരിശ്രമം വേണ്ട സിനിമയാണ് ‘എമ്പുരാൻ’. അപ്പോൾ സ്ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞ് 6 മാസമെങ്കിലും മുന്നൊരുക്കങ്ങൾക്കായി വേണം.