ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റഷ്യ – യുക്രൈൻ യുദ്ധം മുതലെടുത്ത് നിരവധി വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ. യുക്രൈനിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവരെ കബളിപ്പിക്കാനായി ഓൺലൈൻ തട്ടിപ്പുകാർ നൂറുകണക്കിന് വ്യാജ ചാരിറ്റി വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിബിസിയാണ് അന്വേഷണം നടത്തിയത്. ‘സേവ് ദി ചിൽഡ്രൻ’ പോലുള്ള ചാരിറ്റികളുടെ ബ്രാൻഡിംഗ് ഉപയോഗിച്ച് പല വ്യാജ സൈറ്റുകളും പ്രവർത്തിക്കുന്നതായി കണ്ടെത്തി. സൈനികർക്ക് ആയുധം നൽകുന്നുവെന്ന വ്യാജേന ധനസമാഹരണം നടത്തുന്ന സൈറ്റുകളുമുണ്ട്. 100,000 ഡോളർ (80,000 പൗണ്ട്) സമാഹരിച്ചതായി അവകാശപ്പെടുന്ന സേവ് ലൈഫ് ഡയറക്റ്റ് എന്ന വ്യാജ സൈറ്റ് നൈജീരിയയിലെ അബുജയിലുള്ള ഒരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ “പടിഞ്ഞാറൻ യുക്രൈനിലുള്ള ഒരു സുഹൃത്തിന് താൻ സംഭാവനകൾ അയയ്‌ക്കുകയാണെന്ന്” മറുപടി നൽകി.

എന്നാൽ താൻ 100,000 ഡോളർ സമാഹരിച്ചിട്ടില്ലെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം വെബ്സൈറ്റ് നീക്കം ചെയ്തതായി കണ്ടെത്തി. ധനസമാഹരണം നടത്തുന്ന യഥാർത്ഥ സ്ഥാപനത്തിന്റെ പേരുവിവരങ്ങൾ മോഷ്ടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വ്യാജ സൈറ്റുകളുമുണ്ട്. മുൻനിര പോരാളികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന ടാന്യ താരസെവിച്ചിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ചും തട്ടിപ്പ് നടത്തി. “ഈ രാജ്യം മുഴുവൻ തീപിടിക്കുകയും ഇവിടുത്തെ കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തിയോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്. ഇത് ഒരു കുറ്റകൃത്യമാണ്.” ടാന്യ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സേവ് ദി ചിൽഡ്രൻ എന്ന ചാരിറ്റിയുടെ ലോഗോയും ബ്രാൻഡിംഗും മോഷ്ടിച്ച് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായും ബിബിസി കണ്ടെത്തി. ഓൺലൈൻ തട്ടിപ്പുകാർ എപ്പോഴും ഒരു പുതിയ അവസരം തിരയുകയാണെന്ന് സറേ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന ജാക്ക് വിറ്റേക്കർ പറഞ്ഞു. “ഇപ്പോൾ അവർ യുക്രൈൻ പ്രതിസന്ധി മുതലെടുത്ത് പ്രവർത്തിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.