വിര്‍ജീനിയ: അമേരിക്കയില്‍ വെളുത്തവര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മയ്ക്കു വേണ്ടി വാദിക്കുന്നവരും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ മരിച്ചു. വിര്‍ജിനിയയിലെ ഷാര്‍ലറ്റ് വില്ലിലെ കോണ്‍ഫെഡറേറ്റ് ജനറല്‍ പ്രതിമ മാറ്റുന്നത് സംബന്ധിച്ചുണ്ടായ പ്രതിഷേധത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 32 വയസുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസ് ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടതും ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളുള്ളവര്‍ നടത്തിയ പ്രകടനത്തിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് സ്ത്രീ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നരഹത്യക്ക് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമ മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്. തീവ്രവലതുപക്ഷ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അര്‍ദ്ധ സൈനിക യൂണിഫോമുകളില്‍ തോക്കുകളുമായാണ് ഇവിടെയെത്തിയത്. മറ്റു ചിലര്‍ ഷീല്‍ഡുകളും ഹെല്‍മെറ്റുകളും ഗ്യാസ് മാസ്‌കുകളും ധരിച്ചിരുന്നു.

ഇതോടെ പ്രകടനം അക്രമാസക്തമാകുമെന്ന് പോലീസിന് വ്യക്തമായിരുന്നു. സ്‌റ്റേറ്റ് പോലീസും റയറ്റ് പോലീസും നാഷണല്‍ ഗാര്‍ഡും സ്ഥലത്ത് വിന്യസിക്കപ്പെട്ടു. യുണൈറ്റ് ദി റൈറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച റാലി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പ്രദേശത്ത് സ്റ്റേറ്റ് ഗവണ്‍മെന്റും പ്രാദേശിക ഭരണകൂടവും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. വംശീയ സംഘര്‍ഷങ്ങള്‍ ഈ വിധത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിന് കാരണം ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണെന്ന് ഷാര്‍ലറ്റ് വില്‍ മേയര്‍ കുറ്റപ്പെടുത്തി.