പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് അജാസ് ഇവരെ മർദിച്ചെന്ന് അഭിജിത്ത് മൊഴിനൽകി. എന്നാൽ ഈ ആരോപണം അജാസ് നിഷേധിച്ചു. അതേസമയം ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽ അഭിജിത്തിന്റെ കുടുംബത്തേയും പോലീസ് ചോദ്യംചെയ്യും.
ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്റെ ഇളവട്ടത്തുള്ള വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ശനിയാഴ്ച ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ചയിൽ അച്ഛനേയും സഹോദരനേയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരൻകാണി പാലോട് പോലീസിൽ പരാതി നൽകി. തുടർന്ന് ഇൻക്വസ്റ്റ് നടക്കുന്ന വേളയിൽ ഇന്ദുജയുടെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകൾ കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് ഇന്ദുജയുടേയും അഭിജിത്തിന്റെയും സുഹൃത്തായ അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അജാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണമായും നശിപ്പിച്ചതായി കണ്ടെത്തി. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Leave a Reply