ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ച് പരിഗണിക്കുന്ന കേസിൽ എസ്പി ശശിധരൻ നേരിട്ട് ഹാജരായി നാലാമത്തെ ഇടക്കാല റിപ്പോർട്ട് നൽകും. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി, സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള അന്വേഷണത്തിലെ മന്ദഗതിയെ വിമർശിച്ചിരുന്നു. വൻ തലങ്ങളിലേക്ക് അന്വേഷണം നീങ്ങാത്തതെന്തെന്ന ചോദ്യം ഉയർത്തിയ കോടതി, ദേവസ്വം ബോർഡ് അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും അന്വേഷണസംഘം സ്വീകരിച്ച നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിരുന്നു.
അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘവുമായി കേസിന് ബന്ധമുണ്ടോ എന്ന പരിശോധന, ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങൾ, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറും. അതേസമയം, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് സമയം അനുവദിച്ചിരിക്കുന്നത്.











Leave a Reply