ന്യൂസ് ഡെസ്ക്, മലയാളം യുകെ

വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു. നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്ററുടെ (എൻഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊർജ്ജ പ്രതിരോധശേഷിയെ കുറിച്ച്‌ വ്യക്തമായ ചിത്രം സൃഷ്ടിക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ഊർജ്ജ സുരക്ഷാ വകുപ്പും നെറ്റ് സീറോയും പറഞ്ഞു. പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപിടുത്തത്തെ തുടർന്നുണ്ടായ വൈദ്യുതി തടസ്സത്തിൽ 16,300-ലധികം വീടുകൾക്ക് വൈദ്യുതി തടസം നേരിടുകയും ചുറ്റുമുള്ള ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു . തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും സംഭവത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് മെറ്റ് പോലീസ് പറഞ്ഞു. ഹീത്രു എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് വരുമ്പോഴും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ബദൽ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് ഉയർന്നുവന്നിരിക്കുന്നത് . ഹീത്രു എയർപോർട്ടിൽ ഉണ്ടായ പ്രതിസന്ധി ഏകദേശം 2 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്. നാട്ടിലേക്കും അല്ലാതെയും പുറപ്പെട്ട ഒട്ടേറെ മലയാളികളെയും എയർപോർട്ടിലെ പ്രതിസന്ധി ബാധിച്ചതായാണ് അറിയാൻ സാധിച്ചത്.

ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. റദ്ദാക്കലും കാലതാമസവും 1350 ലധികം വിമാന സർവീസുകളെ ആണ് നേരിട്ട് ബാധിച്ചത്. വെള്ളിയാഴ്ച 680 ഫ്ലൈറ്റുകളാണ് ഹീത്രുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഏകദേശം അത്ര തന്നെ ഫ്ലൈറ്റുകൾ ഇവിടേക്ക് വരേണ്ടിയിരുന്നതുമാണ്. ഇവയിൽ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടത് ബ്രിട്ടന്റെ വ്യോമയാന ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പറയുന്നതനുസരിച്ച് ഈ വിമാനങ്ങൾ മൊത്തത്തിൽ 291,000 യാത്രക്കാരെ വഹിക്കേണ്ടതായിരുന്നു. യുകെയിലെ ഏറ്റവും വലിയതും തിരക്കേറിയതുമായ വിമാനത്താവളമാണ് ഹീത്രു. ഹീത്രു എയർപോർട്ടിൽ നേരിട്ട യാത്രാ തടസത്തിൽ വിമാനത്താവളത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താൽക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു.