മലയാറ്റൂർ: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നുമാണ് സംഘം വിവരങ്ങൾ ശേഖരിക്കുന്നത്. ചിത്രപ്രിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്ന ഒരു വിദ്യാർഥിയെയും അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്യും.
ചിത്രപ്രിയയുടേയും അറസ്റ്റിലായ പ്രതി അലന്റേയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചതോടെ അന്വേഷണത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വന്ന കോളുകളുടെയും വാട്സാപ്പ് ചാറ്റുകളുടെയും വിവരങ്ങൾ കേസിൽ പ്രധാന തെളിവുകളാകുമെന്നാണ് പോലീസ് വിലയിരുത്തൽ.
അതേസമയം, അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് പ്രതിയെ എത്തിക്കും. നിലവിൽ കൊലപാതകത്തിൽ അലൻ മാത്രമാണ് പങ്കാളിയെന്ന നിഗമനത്തിലാണ് പോലീസ്. മറ്റാരെങ്കിലും സംഭവത്തിൽ പങ്കാളികളായിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലൂടെ വ്യക്തമാക്കുമെന്നും പോലീസ് അറിയിച്ചു.











Leave a Reply