കൊച്ചി: ദിലീപിന്റെ ഫോണ്‍ പരിശോധിച്ച വിവരങ്ങള്‍ ലഭിച്ചതു മുംബൈയിലെ സ്‌ഥാപനത്തിന്റെ ഡയറക്‌ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തതില്‍നിന്ന്‌. ഫോറന്‍സിക്‌ പരിശോധനയില്‍ തെളിവു നശിപ്പിച്ചതു വ്യക്‌തമായതോടെയാണു ലാബിന്റെ ഡയറക്‌ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു തെളിവുകള്‍ ശേഖരിച്ചത്‌.

ഇതുവഴി അഭിഭാഷകര്‍ മുംബൈയില്‍ എത്തിയതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു. കൊച്ചിയില്‍വച്ചും ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ശാസ്‌ത്രീയ പരിശോധനയില്‍ കണ്ടെത്തി. ഇതെല്ലാം പോലീസ്‌ തുടരന്വേഷണ പരിധിയില്‍ കൊണ്ടു വരും. അഭിഭാഷകര്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന ഗുരുതര ആരോപണം ചര്‍ച്ചയാക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരേ വധശ്രമ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച്‌ കോടതിക്കു കൈമാറിയിട്ടുണ്ട്‌.13 നമ്പരുകളില്‍ നിന്നുള്ള വാട്‌സാപ്‌ ചാറ്റ്‌ ഉള്‍പ്പെടെ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ദിലീപിന്റെ ഫോണില്‍നിന്നു ക്ലോണ്‍ ചെയ്‌തു നീക്കിയ വിവരങ്ങള്‍ ഒരു ഹാര്‍ഡ്‌ ഡിസ്‌കിലാക്കി അഭിഭാഷകര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ ഒരു കോപ്പി മറ്റൊരു ഹാര്‍ഡ്‌ ഡിസ്‌കിലാക്കി മുംബൈയിലെ ലാബില്‍ സൂക്ഷിക്കുകയും ചെയ്‌തു. ഈ ഹാര്‍ഡ്‌ ഡിസ്‌ക്‌ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്‌.

ഫോറന്‍സിക്‌ പരിശോധനയില്‍, ഫോണില്‍നിന്നു കോപ്പി ചെയ്‌തതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ്‌ അന്വേഷണ സംഘം ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്‌. അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഇരകളായ കേസിന്റെ അന്വേഷണം സി.ബി.ഐക്കു കൈമാറണമെന്ന ആവശ്യം അംഗീകരിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.