ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കൃത്രിമ ബുദ്ധി (എഐ) ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചതോടെ കഴിഞ്ഞ വർഷം ബ്രിട്ടനിൽ നിക്ഷേപ തട്ടിപ്പുകൾ മൂലം നഷ്ടമായ തുക 221.5 മില്യൺ പൗണ്ടായി ഉയർന്നതായി റിപ്പോർട്ട്. മുൻവർഷത്തേക്കാൾ 40 ശതമാനം കൂടുതലാണിത്. വ്യാജ നിക്ഷേപ പദ്ധതികൾ, ക്രിപ്റ്റോകറൻസി, സ്വർണം, റിയൽ എസ്റ്റേറ്റ്, കാർബൺ ക്രെഡിറ്റ് തുടങ്ങിയ മേഖലകളിൽ വൻലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കുടുക്കിയതെന്ന് യുകെ ഫിനാൻസ് വ്യക്തമാക്കി.

2025-ൽ മാത്രം ഏകദേശം 15,000 നിക്ഷേപ തട്ടിപ്പുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. വിശ്വസനീയമായി തോന്നുന്ന വെബ്സൈറ്റുകൾ സൃഷ്ടിക്കാനും ആളുകളുടെ ശബ്ദം അനുകരിക്കാനും വ്യാപകമായി സന്ദേശങ്ങൾ പ്രചരിപ്പിക്കാനും എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി തട്ടിപ്പുകൾ കൂടുതൽ വിശ്വസനീയവും വ്യാപകവുമായതായി മാറിയെന്നാണ് മുന്നറിയിപ്പ്.

അതേസമയം, എല്ലാ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലുമായി ബ്രിട്ടനിൽ കഴിഞ്ഞ വർഷം 1.28 ബില്യൺ പൗണ്ടിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളും മെസേജിങ് പ്ലാറ്റ്ഫോമുകളും വഴിയാണ് ഇത്തരം തട്ടിപ്പുകളിൽ വലിയൊരു പങ്കും നടക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ടെലികോം കമ്പനികൾക്കും കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തണമെന്നും തട്ടിപ്പുകൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും യുകെ ഫിനാൻസ് ആവശ്യപ്പെട്ടു.











Leave a Reply