ആന്ദ്രെ റസ്സലിന്റെ വെസ്റ്റിന്ത്യൻ വെടിക്കെട്ടിന് ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ മറുപടി. ഈഡൻ ഗാർഡൻസിൽ റൺസിന്റെ പൂരം കൊടിയിറങ്ങിയപ്പോൾ കൊൽക്കത്തയുടെ ജയം 34 റൺസിന്. സ്കോർ: കൊൽക്കത്ത–20 ഓവറിൽ രണ്ടിന് 232. മുംബൈ–20 ഓവറിൽ ഏഴിന് 198. കൊൽക്കത്തയ്ക്കായി റസ്സലും (40 പന്തിൽ 80*) മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യയും (34 പന്തിൽ 91) ബാറ്റിങ്ങ് വെടിക്കെട്ട് തീർത്തു.
എന്നാൽ കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ (45 പന്തിൽ 76), ക്രിസ് ലിൻ (29 പന്തിൽ 54) എന്നിവരും തിളങ്ങിയപ്പോൾ മുംബൈ നിരയിൽ മറ്റാരും മുപ്പതിനപ്പുറം പോയില്ല.ആദ്യ 10 ഓവറിൽ 97 റൺസ് സ്കോർ ചെയ്ത കൊൽക്കത്ത പിന്നീട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കുതിച്ചു. 40 പന്തിൽ റസ്സൽ അടിച്ചത് 6 ഫോറും 8 സിക്സും.
ചേസിങിൽ മുംബൈയുടെ തുടക്കം മോശം. 8.2 ഓവറായപ്പോഴേക്കും നാലു പേർ പവിലിയനിൽ മടങ്ങിയെത്തി. സ്കോർ ബോർഡിൽ റൺസ് 58 മാത്രം. എന്നാൽ ആറാമനായി ക്രീസിലെത്തിയ ഹാർദിക് തകർത്തടിച്ചു. 17 പന്തിൽ അർധ സെഞ്ചുറി തികച്ച ഹാർദികിനെ നേരത്തെ ഇറക്കാത്തതിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഖേദിച്ചു കാണും.
ഒടുവിൽ 18–ാം ഓവറിന്റെ അവസാന പന്തിൽ ഹാർദികിനെ ഡീപ് മിഡ്‌വിക്കറ്റിൽ റസ്സൽ തന്നെ ക്യാച്ചെടുത്തു. ആറു ഫോറും ഒൻപതു സിക്സും അടങ്ങുന്നതാണ് ഹാർദികിന്റെ ഇന്നിങ്സ്.
Leave a Reply