ബംഗളൂരു: കുട്ടിക്രിക്കറ്റിന്റെ ഉത്സവമായ ഐപിഎല്‍ താരലേലത്തില്‍ പണം വാരിയെറിഞ്ഞ് ടീം ഉടമകള്‍. ലേലത്തില്‍ മലയാളി താരമായ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് എട്ടു കോടി രൂപയ്ക്ക്. രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ വിക്കറ്റ് കീപ്പറെ പൊന്നും വിലനല്‍കി തിരിച്ചു പിടിക്കുകയായിരുന്നു. ലേലത്തില്‍ ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സഞ്ജു പ്രതികരിച്ചു. മറ്റൊരു മലയാളി താരമായ 5.6 കോടി രൂപ നല്‍കി പഞ്ചാബ് കിംഗസ് ഇലവന്‍ സ്വന്തമാക്കി.
വിദേശ താരങ്ങളുടെ കൂട്ടത്തില്‍ ബെന്‍ സ്റ്റോക്ക്‌സ് ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കി. സ്റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് പന്ത്രണ്ടര കോടി രൂപയ്ക്കാണ്. ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ 11 കോടിക്കും ആര്‍. അശ്വിനെ ഏഴ് കോടി അറുപത് ലക്ഷത്തിനും ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ ആറ് കോടി 20 ലക്ഷത്തിനും ഡേവിഡ് മില്ലറെ മൂന്ന് കോടിക്കും യുവരാജ് സിംഗിനെ രണ്ട് കോടിക്കും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.
അതേസമയം, 11 കോടി നല്‍കി മനീഷ് പാണ്ഡെയെയും അഞ്ച് കോടി ഇരുപത് ലക്ഷത്തിന് ശിഖര്‍ ധവാനെയും മൂന്ന് കോടിക്ക് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ പിടിച്ചു. വിന്‍ഡീസ് താരം പൊള്ളാര്‍ഡ് അഞ്ച് കോടി നാല്പത് ലക്ഷത്തിന് മുബൈ ഇന്ത്യന്‍സില്‍ തുടരും. അജിങ്ക്യ റഹാനെയെ രാജസ്ഥാന്‍ റോയല്‍സ് നാല് കോടിക്ക് തിരികെ എത്തിച്ചു.
ഓസീസ് താരങ്ങളായ ക്രിസ് ലിനിനെ ഒന്‍പത് കോടി 60 ലക്ഷത്തിനും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒന്‍പത് കോടി നാല്പത് ലക്ഷത്തിന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സും ടീമിലെത്തിച്ചു. കേദാര്‍ ജാദവിനെ ഏഴ് കോടി 80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ചെന്നൈ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ആറ് കോടി 40 ലക്ഷം നല്‍കി ടീമിലെത്തിച്ചു.
Leave a Reply