ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയായി.971 താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്ന് 332 പേരെയാണ് അന്തിമ ലേലത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 19ന് കൊല്‍ക്കത്തയിലാണ് താരലേലം. ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്മെന്റ് കൈമാറി.
ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. 332 പേരില്‍ നിന്നും ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക. അതില്‍ 29 വിദേശ താരങ്ങളുണ്ടാവണം. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസ്, ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം, ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ, ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി അടിച്ച സറേ താരം വില്‍ ജാക്‌സ് എന്നിവരുള്‍പ്പെടെ 24 കളിക്കാരുടെ പേരുകളാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ താരങ്ങളില്‍ റോബിന്‍ ഉത്തപ്പയ്ക്കാണ് ഉയര്‍ന്ന അടിസ്ഥാന വില, 1.5 കോടി. കഴിഞ്ഞ രണ്ട് താര ലേലത്തിലും വലിയ തുക ലഭിച്ച പേസര്‍ ജയദേവ് ഉനദ്ഖട്ടിന്റെ അടിസ്ഥാന വില ഈ സീസണില്‍ കുറഞ്ഞു. ഒരു കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ വട്ടം 1.5 കോടി രൂപയായിരുന്നു. വിദേശ താരങ്ങളില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ മാക്സ്വെല്ലിന് കൂറ്റന്‍ തുക ലഭിക്കുമെന്നാണ് റിപോര്‍ട്ട്.
Leave a Reply